ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് അശുതോഷ് പാർട്ടിയിൽനിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ യാത്രയ്ക്കും ഒരു അവസാനം ഉണ്ടെന്നും എഎപിയുമായുളള ഇതുവരെയുളള പ്രവർത്തനത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജ്യസഭയിലേക്ക് തന്റെ പേര് നോമിനേറ്റ് ചെയ്യാത്തതിലുളള അതൃപ്തി മൂലമാണ് അശുതോഷ് പാർട്ടിയിൽനിന്നും രാജിവച്ചതെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ സുശീൽ ഗുപ്ത, നാരായൺ ദാസ് ഗുപ്ത, സഞ്ജയ് സിങ് എന്നിവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ഇതിൽ എഎപിയിലെ മുതിർന്ന നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എഎപിയുടെ തന്നെ സ്ഥാപക നേതാക്കളിലൊരാളായ കുമാർ വിശ്വാസ് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. സത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ ശിക്ഷയായാണ് തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹം പാർട്ടി വിടുകയും ചെയ്തു.

അതിനിടെ, പാർട്ടി പ്രവർത്തനങ്ങളിൽനിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ച അശുതോഷ് തന്റെ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഒക്ടോബറിൽ അടുത്ത പുസ്തകം പുറത്തിറക്കാനുളള ശ്രമത്തിലാണ് അദ്ദേഹം.

ഐബിഎൻ7 ന്റെ മാനേജിങ് എഡിറ്ററായിരുന്ന അശുതോഷ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചാണ് 2014 ൽ എഎപിയിൽ ചേരുന്നത്. അരവിന്ദ് കേജ്‌രിവാളും സഞ്ജയ് സിങ്ങും ചേർന്നാണ് അശുതോഷ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2014 ൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽനിന്ന് ലോക്‌സഭയിലേക്ക് അശുതോഷ് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ