scorecardresearch

മദ്യനയ അഴിമതി കേസ്: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

കേസില്‍ ഇന്ന് രാവിലെ മുതല്‍ സിബിഐ സംഘം സിസോദിയയെ ചോദ്യം ചെയ്തു വരികയായിരുന്നു

കേസില്‍ ഇന്ന് രാവിലെ മുതല്‍ സിബിഐ സംഘം സിസോദിയയെ ചോദ്യം ചെയ്തു വരികയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manish Sisodia, aap, ie malayalam

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തു. കേസില്‍ ഇന്ന് രാവിലെ മുതല്‍ സിബിഐ സംഘം സിസോദിയയെ ചോദ്യം ചെയ്തു വരികയായിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു.

Advertisment

എത്ര തവണ വേണമെങ്കിലും ജയിലിൽ പോകാം, അതിൽ എനിക്ക് ഭയമില്ല. പത്രപ്രവർത്തകൻ എന്ന ജോലി ഉപേക്ഷിച്ചപ്പോൾ എന്റെ ഭാര്യ എന്നെ പിന്തുണച്ചു, ഇന്നും എന്റെ കുടുംബം എന്റെ കൂടെ നിൽക്കുന്നു. എന്നെ അറസ്റ്റ് ചെയ്താൽ എന്റെ പ്രവർത്തകർ എന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സിബിഐ ഓഫീസിലേക്കു പോകുന്നതിന് മുമ്പായി രാജ്ഘട്ടില്‍ സന്ദർശനം നടത്തിയശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

അതേസമയം, തങ്ങളുടെ ചില കൗൺസിലർമാരെ വീട്ടു തടങ്കലിലാക്കിയതായി നിരവധി എഎപി നേതാക്കൾ ആരോപിച്ചു. പൊലീസ് അവരുടെ വീട്ടിലുണ്ട്, അവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. മഹാത്മ ഗാന്ധിയുടെ സ്മാരകം സന്ദർശിക്കാൻ പോലും കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങാൻ ആവശ്യപ്പെടുന്നതായി എഎപി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി തങ്ങളുടെ പാർട്ടിയെ ഭയപ്പെടുന്നതു കൊണ്ടാണ് കൗൺസിലർമാരെ വീട്ടുതടങ്കലിൽ ആക്കിയതെന്ന് എഎപി നേതാവ് ആദിൽ അഹമ്മദ് ആരോപിച്ചു.

Advertisment

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് സിബിഐ വീണ്ടും സിസോദിയയെ ചോദ്യം ചെയ്യുന്നത്. വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചതായി ഏതാനും ദിവസംമുന്‍പ് സിസോദിയ പറഞ്ഞിരുന്നു.

ഡൽഹിയിലെ മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയ്‌ക്കെതിരെ സിബിഐയുടെ അന്വേഷണം. ഓഗസ്റ്റ് 17 ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിസോദിയയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്: എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ, ഇൻഡോസ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി.

മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപിച്ച് സിസോദിയയെയും മറ്റു 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു. അതേസമയം, കുറ്റപത്രത്തിൽ സിസോദിയയെ പ്രതി ചേർത്തിട്ടില്ല. ഏഴു പ്രതികളെയാണ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്.

അഴിമതി പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. മദ്യനയത്തിലെ ക്രമക്കേടുകള്‍ക്കൊപ്പം കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കു മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയെന്നാണു സിബിഐയുടെ ആരോപണം.

Manish Sisodia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: