ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി പാപ്പരായെന്ന് തുറന്ന് പറഞ്ഞ് നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. എഎപിയെ ശക്തിപ്പെടുത്താനായി പാര്‍ട്ടി പ്രവര്‍ത്തകരും വോളന്റിയര്‍മാരും ജനങ്ങളും ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി കടക്കെണിയിലാവുന്നതും അതേസമയം സര്‍ക്കാര്‍ സമ്പന്നരാവുന്നതും. അതിന്റെ കാരണം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ പണം കൊണ്ടാണ്. അല്ലാതെ അഴിമതിക്കാരായ കോടീശ്വരന്മാരുടെ പണത്തിലല്ല, ഞങ്ങളുടെ ആശ്രയം,’ ഫണ്ട് കണ്ടെത്താനുളള ദേശീയ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കേജ്‌രിവാള്‍. ‘ആം ആദ്മിക്കുളള ദാനം, രാഷ്ട്രത്തിന്റെ നിര്‍മ്മാണം’ എന്ന മുദ്രാവാക്യത്തോടെയാണ് ക്യാംപെയിന്‍ നടക്കുന്നത്.

‘വരുന്ന രണ്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഞങ്ങളുടെ കൈയ്യില്‍ പണമില്ല. ഓരോ പാര്‍ട്ടി വോളന്റിയര്‍മാരും മാസത്തില്‍ 100 രൂപയെങ്കിലും സംഭാവന നല്‍കണം. നിങ്ങളുടെ ജോലിയുളള കുടുംബാംഗങ്ങള്‍ക്കും സംഭാവന ചെയ്യാം,’ കേജ്‌രിവാള്‍ പറഞ്ഞു.

ഹവാല ഇടപാടിലൂടെ സംഭാവനയായി പാര്‍ട്ടിക്ക് പണം ലഭിക്കുന്നത് വെളിപ്പെടുത്തുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചതിന് പിന്നാലെയാണ് എഎപി സംഭാവന അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കേന്ദ്രത്തിന്റെ വേട്ടയാടലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. എഎപി എംഎല്‍എമാരും എംപിമാരും അടങ്ങുന്ന സംഘം ഓരോ വാതില്‍ക്കലും പോയി സംഭാവനകള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംഭാവനകള്‍ അയക്കുന്നതിന് പുറമെ പാര്‍ട്ടിയുടെ ക്യാംപെയിനെ പിന്തുണയ്ക്കാനായി ഒരു ഫോണ്‍ നമ്പറിലേക്കും ഡയല്‍ ചെയ്യാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ