ചെന്നൈ: രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ തമിഴ്‌ സിനിമാ താരം കമൽഹാസനെ കാണാൻ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ചെന്നൈയിലെത്തും. ഇക്കാര്യം കമൽഹാസനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പരിപാടികൾക്കായി കേജ്‌രിവാൾ ചെന്നൈയിലെത്തുമെന്നും ഈ അവസരത്തിൽ താരവുമായി കൂടിക്കാഴ്‌ച നടത്തിയേക്കാമെന്നുമാണ് സൂചന. 2015ൽ ഡൽഹിയിലെത്തിയ കമൽഹാസൻ കേ‌ജ്‌രിവാളിനെ സന്ദർശിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കി കഴിഞ്ഞ കുറേ നാളുകളായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് താരം നിരന്തരം പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും കമല്‍ഹാസന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. നേരത്തേ ഇടത് പാളയത്തോട് ആഭിമുഖ്യം പുലർത്തി രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞ കമൽഹാസൻ സിപിഎമ്മിലേക്ക് വന്നേക്കുമെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ