ന്യൂഡൽഹി: ലഹരി മരുന്ന് വിപത്തിനെതിരായ കേന്ദ്ര മന്ത്രി അമിത് ഷായുടെ സംസ്ഥാനവ്യാപക യാത്രയ്ക്കു പുറമേ, പഞ്ചാബിൽ പാർട്ടി ആധിപത്യം സ്ഥാപിക്കാൻ ബിജെപി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇതുവരെ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആം ആദ്മി പാർട്ടി സർക്കാരിന്റെ പാളിച്ചകൾക്കും സംസ്ഥാനത്ത് സ്വാധീനമുള്ള പാർട്ടികളോടുള്ള ജനങ്ങളുടെ നിരാശയും പഞ്ചാബിൽ വേരുറപ്പിക്കാൻ ബിജെപിക്ക് കളം ഒരുക്കുന്നതായി അവർ കാണുന്നു.
അടുത്ത മാസം ഷായുടെ യാത്ര ആരംഭിച്ചതിന് ശേഷം, മറ്റ് പരിപാടികൾക്ക് തുടക്കമിടാൻ ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടൻ പഞ്ചാബ് സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. ”നല്ല ഭരണം, ദേശീയത, മികച്ച നേതൃത്വം” എന്ന സന്ദേശം പാർട്ടിക്ക് നൽകാനുള്ള ശരിയായ സമയമാണിതെന്ന് ഒരു നേതാവ് പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബിജെപി ആക്രമണോത്സുകതയിലേക്ക് നീങ്ങുകയാണെന്ന് മറ്റൊരു നേതാവ് പറഞ്ഞു.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാർഷിക നിയമങ്ങളുടെ പേരിൽ അകാലിദൾ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ, സംസ്ഥാനത്ത് ആദ്യമായി ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. 2019 ൽ, അകാലികൾക്കെതിരായ രോഷം ഉയർന്നതോടെ, ഈ കൂട്ടുകെട്ടിൽ 9.63% വോട്ടുകൾ നേടി ഗുരുദാസ്പൂർ, ഹോഷിയാർപൂർ എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്.
മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് (പിന്നീട് ബിജെപിയിൽ ലയിച്ചു) പോലുള്ള ചെറിയ പാർട്ടികളുമായുള്ള സഖ്യം 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ നേട്ടം നൽകിയില്ല. 2017ൽ അകാലികളുമായുള്ള സഖ്യത്തിൽ ബിജെപി 23 സീറ്റുകളിൽ മത്സരിക്കുകയും 3 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. 2022ൽ 73 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്.
വർഷങ്ങളായി തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ചിട്ടും, ബിജെപി സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി സർക്കാർ അധികാരത്തിൽ വരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബിജെപി ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഒരു തീവ്രവാദ സംഘടനയുമായി ഒത്തുതീർപ്പുണ്ടാക്കുന്നുവെന്ന് അവർ ആരോപിച്ചു. കേജ്‌രിവാളിനെ ബിജെപി ലോക്സഭാ എംപി പർവേശ് വർമ്മ ‘തീവ്രവാദി’ എന്നു വിളിച്ചു.
ആം ആദ്മി പാർട്ടിയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ഒരു ബിജെപി എംപി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സെൻസിറ്റീവായ ഒരു സംസ്ഥാനത്ത് ക്രമസമാധാനം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾ എപ്പോഴും ഭയപ്പെട്ടിരുന്നു. പഞ്ചാബിൽ ഇപ്പോൾ എന്തൊരു കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഉത്തരവാദിത്തമുള്ള ഒരു ദേശീയ പാർട്ടി എന്ന നിലയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാതെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്,” സംസ്ഥാനത്തെ ബിജെപി ആസൂത്രണ പരിപാടികളെക്കുറിച്ച് എംപി പറഞ്ഞു.
മയക്കുമരുന്ന് ഭീഷണിയിൽ പഞ്ചാബിലെ ആളുകൾ അസ്വസ്ഥരായിരുന്നു, പ്രത്യേകിച്ചും എഎപി പരാജയമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്. സമീപകാല സംഭവവികാസങ്ങൾ അവരുടെ മനസ്സിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഷാ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടുവരുമെന്നും ഒരു പാർട്ടി നേതാവ് പറഞ്ഞു.
പഞ്ചാബിൽ അമൃത് പാൽ സിങ്ങിന്റെ ഉദയവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കേന്ദ്രം അവഗണിച്ചതാണെന്നും ഇതിൽ ബിജെപിയുടെ രാഷ്ട്രീയ രൂപരേഖയുണ്ടെന്നും സംസ്ഥാനത്തെ എഎപി നേതാവ് ആരോപിച്ചു. ബിജെപി നേതാക്കൾ ഈ ആരോപണങ്ങളെ തള്ളി. അമൃത്പാൽ നടത്തിയ ചില പ്രകോപനപരമായ പ്രസ്താവനകൾ കേന്ദ്രം ശ്രദ്ധിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ നവംബറിൽ ഒരു കേന്ദ്രമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: “ഇതൊരു ക്രമസമാധാന പ്രശ്നമാണ്, അത് സംസ്ഥാനം കൈകാര്യം ചെയ്യട്ടെ. കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.