ന്യൂഡൽഹി: ബീഫ് കഴിക്കുന്നതിനെതിരെ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ നിലപാട് മാറ്റിയില്ല. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആംആദ്മി പാർട്ടി സർക്കാർ ബീഫ് കഴിക്കുന്നതിനെതിരായ നിലപാട് കടുപ്പിച്ചത്. ബീഫ് കഴിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയ നടപടിയെ ഭരണഘടനാ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട സർക്കാർ, കന്നുകാലികളെയും പശുക്കളെയും കശാപ്പില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ ആംആദ്മി സര്‍ക്കാരിനുകീഴിലെ മൃഗസംരക്ഷണ വകുപ്പാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ മേയ് 16-ന് വാദം കേള്‍ക്കും.

ബീഫ് കൈയില്‍ വെയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഡല്‍ഹി മൃഗസംരക്ഷണവകുപ്പിന്റെ വ്യവസ്ഥ ചോദ്യംചെയ്തുകൊണ്ടുള്ളതാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി.  ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം.  ബീഫ് കഴിക്കുന്നത് ക്രിമിനല്‍കുറ്റമാക്കിയ നടപടി ഭരണഘടനാവിധേയമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നിയമപരമായ കടന്നുകയറ്റമാണ് ഇതെന്നാണ് ഹർജിക്കാരന്റെ വാദം. ജീവിക്കാനുള്ള അവകാശത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെന്നും ഇതിനെതിരെയാണ് സർക്കാർ തീരുമാനം എന്നും അദ്ദേഹം ഹർജിയിൽ കുറ്റപ്പെടുത്തി.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കാറുണ്ടെന്നും  എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലംഘിക്കപ്പെടരുതെന്നും ഹർജിയിൽ ആവശ്യപപ്പെടുന്നു. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ഇത്തരം നിയമങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് ഹർജിക്കാരന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ