ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തല്‍ക്കാലം ഒറ്റ-ഇരട്ട വാഹനക്രമീകരണം നടപ്പാക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കേജരിവാള്‍ അധ്യക്ഷനായ ഉന്നതതലയോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയിരുന്നു. രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ വാഹനനിയന്ത്രണം നടപ്പാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ മലിനീകരണം കുറയ്ക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഹരിത ട്രൈബ്യൂണൽ കുറ്റപ്പെടുത്തിയിരിക്കുന്നത്.ഈ മാസം 13 മുതലായിരുന്നു ഒറ്റയക്കങ്ങളും ഇരട്ടയക്കങ്ങളുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നത്.

ഇതനുസരിച്ച് വണ്ടി നമ്പറിന്‍റെ അവസാനം ഒറ്റഅക്കം വരുന്ന വാഹനങ്ങൾ ഒറ്റഅക്ക തിയതികളിലും ഇരട്ട അക്കം അവസാനം വരുന്ന വാഹനങ്ങൾ ഇരട്ടഅക്കതിയതികളിലുമേ റോഡിൽ ഇറങ്ങാവു എന്നായിരുന്നു ഉത്തരവ്. ഇത് തികച്ചും അശാസ്ത്രീയമാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ കുറ്റപ്പെടുത്തല്‍.

മുന്‍പ് നിയന്ത്രണം നടപ്പാക്കിയപ്പോള്‍ ഇരുചക്ര വാഹനയാത്രക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സ്ത്രീകളെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ഉത്തരവില്‍ ഇവരെ പരിഗണിച്ചിട്ടില്ല. സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍, ആംബുലന്‍സ്, അഗ്‌നിശമന സേന എന്നിവരുടെ വാഹനങ്ങള്‍ എന്നിവയെ മാത്രമാണ് ഇത്തവണ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook