ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വസതിക്ക് മുന്നിൽ ധർണ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മറുപടിയുമായി ബിജെപി. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലാണ് ബിജെപി പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും നിരാഹാര സമരം ആരംഭിച്ചിരുന്നു. തിങ്കളാഴ്‌ചയാണ് ആംആദ്മി പാർട്ടി മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

“ഞങ്ങളിവിടെ ഞങ്ങൾക്ക് വേണ്ടിയല്ല ഇരിക്കുന്നത്. ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ്, വിദ്യാലയങ്ങൾക്ക് വേണ്ടിയാണ്, ജലത്തിന് വേണ്ടിയാണ്, മൊഹല്ല ക്ലിനിക്കിന് വേണ്ടിയാണ്, ഇതൊക്കെ ജനങ്ങൾക്ക് ലഭിക്കാൻ വേണ്ടിയാണ്,” ലഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ നിന്നും അരവിന്ദ് കേജ്‌രിവാൾ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ വ്യക്തമാക്കുന്നു.

ഇന്ന് വൈകിട്ടാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിൽ നേതാക്കൾ അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ സമരം ആരംഭിച്ചത്. ആംആദ്‌മി പാർട്ടിയുടെ സമരത്തിനെ കളിയാക്കിയും സർക്കാർ പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ചുമാണ് ബിജെപിയുടെ സമരം. അതേസമയം അരവിന്ദ് കേജ്‌രിവാൾ ജനാധിപത്യത്തെ കോമാളിയാക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ