ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും അതിഷി മത്സരിക്കും. ദക്ഷിണ ഡല്‍ഹിയില്‍ നിന്നും രാഘവ് ചദ്ദ മത്സരിക്കും. ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്തയാണ് സ്ഥാനാര്‍ത്ഥി. ഉത്തര-കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ദിലീപ് പാണ്ഡെ മത്സരിക്കും. ഉത്തര-പശ്ചിമ ഡല്‍ഹിയില്‍ നിന്നും ഗുഗന്‍ സിങ്ങാണ് മത്സരിക്കുന്നത്. ന്യൂഡല്‍ഹി ലോക്സഭാ സീറ്റിലേക്ക് ബ്രജേഷ് ഗോയലാണ് മത്സരിക്കുക.

നേരത്തേ അതത് ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല ആറ് പേര്‍ക്കും നല്‍കിയിരുന്നു. ഏഴാമത്തെ ലോക്സഭാ സീറ്റായ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ആരെ സ്ഥാനാര്‍ത്ഥി ആക്കണണെന്ന് തീരുമാനമായിട്ടില്ല. 2014ലെ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ശക്തി കാണിച്ചു. അന്ന് 77 നിയമസഭാ സീറ്റുകളില്‍ 66 എണ്ണവും എഎപി ജയിച്ചിരുന്നു.

തങ്ങളുമായി സഖ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തത് കൊണ്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ‘സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതായിട്ടാണ് കരുതുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ഭരിച്ച് മുടിക്കുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായിരുന്നു ശ്രമം. അവര്‍ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ തകര്‍ത്തു. രാജ്യത്ത് വിദ്വേഷം പടര്‍ത്തി ഐക്യം ഇല്ലാതാക്കി. അവരെ തടയാന്‍ ഞങ്ങളെന്തും ചെയ്യും. അല്ലാതെ കോണ്‍ഗ്രസിനോട് ഇഷ്ടം ഉണ്ടായിട്ടല്ല,’ കേജ്‌രിവാള്‍ തുറന്നടിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ