ന്യൂഡൽഹി: അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസുമായി മുന്നോട്ട് പോകുമെന്ന് നാടകീയമായി പ്രഖ്യാപിച്ച് ആംആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്ര. കേജ്‌രിവാളിനെതിരെ തെളിവുകൾ നൽകാൻ സിബിഐ ഓഫിസിലേക്ക് പുറപ്പെടുന്പോഴായിരുന്നു കപിൽ മിശ്ര തന്റെ ‘ഗുരു’വിന്റെ അനുഗ്രഹം തേടുകയും അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തത്. കേജ്‌രിവാളിനെഴുതിയ തുറന്ന കത്ത് കപിൽ മിശ്ര മാധ്യമങ്ങൾക്ക് മുന്നിൽ വായിക്കുകയും ചെയ്തു.
കേജ്‌രിവാൾ തന്നെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്നും കപിൽ മിശ്ര ആരോപിച്ചു. ‘നിങ്ങൾ എന്നെ നിയമസഭയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് എനിക്കെതിരെ മത്സരിക്കാൻ ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു’ മിശ്ര പറഞ്ഞു. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാനുള്ള വിദ്യ തനിക്കറിയാമെന്നും കപിൽ മിശ്ര അവകാശപ്പെട്ടു.
തനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ സിബിഐക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും തെളിവുകൾ കൈമാറുമെന്നും സിബിഐ ഓഫിസിലേക്ക് പോകും മുൻപ് കപിൽ മിശ്ര വെളിപ്പെടുത്തി. സിബിഐക്ക് മുന്നിൽ തെളിവുകൾ നൽകിയ ശേഷമാണ് ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയെന്നും മിശ്ര വ്യക്തമാക്കി.
കേജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെട്ട 50 കോടിയുടെ ഭൂമി ഇടപാട് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ആക്കിയെന്നും സത്യേന്ദ്ര ജെയ്നിൽ നിന്നും കേജ്‌രിവാൾ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് താൻ കണ്ടുവെന്നുമാണ് മിശ്രയുടെ ആരോപണം. ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം മിശ്രയുടെ പാര്‍ട്ടി അംഗത്വം റദ്ദാക്കിയിരുന്നു.