scorecardresearch

അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

സര്‍ക്കാര്‍ രൂപീകരണത്തിനായി കേജ്‌രിവാൾ ഇന്ന് ഡൽഹി ലഫ്റ്റ‍നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്‌ജാനുമായി കൂടിക്കാഴ്ച നടത്തും

അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഫെബ്രുവരി 16 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാം ലീല മൈതാനിയിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിനായി കേജ്‌രിവാൾ ഇന്ന് ഡൽഹി ലഫ്റ്റ‍നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്‌ജാനുമായി കൂടിക്കാഴ്ച നടത്തും.

ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായ അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷിനേതാവായി ഇന്നു തിരഞ്ഞെടുക്കും. കേജ്‌രിവാളിന്റെ വസതിയിൽവച്ച് ഇന്ന് ആം ആദ്‌മി എംഎൽഎമാരുടെ യോഗം നടക്കും. കേജ്‌രിവാളാണ് എംഎൽഎമാരുടെ യോഗം വിളിച്ചത്.

ഇന്നത്തെ നിയമസഭാ കക്ഷി നേതാക്കളുടെ യോഗത്തിൽ സത്യപ്രതിജ്ഞ തിയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ആരൊക്കെ മന്ത്രിസഭയിൽ അംഗങ്ങളാകുമെന്ന കാര്യത്തിലും ഇന്നോ നാളെയോ ആയി തീരുമാനമാകും.

Read More: ഡൽഹി സർക്കാർ രൂപീകരണം: അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷിനേതാവായി പ്രഖ്യാപിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ആം ആദ്‌മി സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് ഭരണത്തുടർച്ച നേടിയത്. തുടർച്ചയായ മൂന്നാം തവണയാണ് കേജ്‌രിവാൽ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ തവണത്തേക്കാളും നില മെച്ചപ്പെടുത്താനായെങ്കിലും രണ്ടക്കം കടക്കാൻ പോലും ബിജെപിക്ക് സാധിക്കാതെ പോയത് തിരിച്ചടിയായി. എട്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് മൂന്നായിരുന്നു. കോൺഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല. നാണംകെട്ട തോൽവിക്ക് പിന്നാലെ ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു.

ആം ആദ്മി പാർട്ടി ലോക്‍‌സഭ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ട് വർധിപ്പിച്ച് കരുത്ത് കാട്ടി. ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ 70000 വോട്ടുകൾക്കായിരുന്നു ആം ആദ്മി പാർട്ടി സ്ഥാനാർഥിയുടെ വിജയം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aap chief arvind kejriwal to take oath as the cm of delhi on 16th february