ന്യൂഡൽഹി: അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക. അഴിമതി ആരോപണത്തിൽ തന്‍റെയും ആം ആദ്മി പാർട്ടിയുടെയും നിലപാട് കേജ്രിവാൾ സഭയിൽ വിശദീകരിക്കും. സത്യം ജയിക്കുമെന്നും കേജ്രിവാൾ ട്വീറ്റ് ചെയ്തു.
അരവിന്ദ് കെജ്‌രിവാള്‍ വെള്ളം ടാങ്കര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ കപില്‍ മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തില്‍ ഹാജരാക്കി. ഇന്ന് അദ്ദേഹം സിബിഐ ഓഫിസ് സന്ദര്‍ശിച്ച് പരാതിയും ബോധിപ്പിക്കും. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ പക്കല്‍ നിന്നു കേജ്രിവാള്‍ രണ്ടു കോടി രൂപ കൈപറ്റുന്നത് നേരിട്ട് കണ്ടതായും മിശ്ര ആരോപിച്ചു.
തുടര്‍ന്ന് ഇന്നലെ കപിൽ മിശ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേജ്രിവാളിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെട്ട 50 കോടിയുടെ ഭൂമി ഇടപാട് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ആക്കിയെന്ന ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കിയത്.
മുഖ്യമന്ത്രി കസേര കേജ്രിവാളിനെ ഒന്നാകെ മാറ്റിയെന്നും പഴയ അഴിമതി വിരുദ്ധ പോരാളിയല്ല കേജ്രിവാളെന്നും അദ്ദേഹം ഇന്ന് ആരോപിച്ചിരുന്നു.
“നമ്മള്‍ ഏറെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്ത കേജ്രിവാളല്ല ഇന്ന് അദ്ദേഹം. മുഖ്യമന്ത്രി പദം അദ്ദേഹത്തെ അടിമുടി മാറ്റിക്കളഞ്ഞു. സത്യേന്ദ്ര ജെയിന്‍ ജയിലിലേക്ക് പോയാല്‍ മുഖ്യമന്ത്രി പദം രാജി വെക്കാന്‍ കേജ്രിവാള്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ജലവിഭവ വകുപ്പിലെ പ്രവർത്തനങ്ങളിലെ പിഴവുകളുടെ പേരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മിശ്രയെ മന്ത്രിസഭയിൽ നിന്നും കേജ്രിവാൾ പുറത്താക്കിയത്. ഭൂമിയിടപാടിൽ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിൽ നിന്നും കേജ്രിവാൾ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് താൻ കണ്ടെന്നാണ് മിശ്രയുടെ ആരോപണം.