ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസ് പ്രതി അഫ്താബ് പൂനാവാലയെ വഹിച്ചുള്ള പൊലീസ് വാനിനുനേരെ വാളേന്തിയവരുടെ ആക്രമണം. അഫ്താബിനെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നു തിഹാര്‍ ജയിലിലേക്കു തിരികെ കൊണ്ടുപോകവെയാണു സംഭവം.
തോക്കുചൂണ്ടിയാണ് അഫ്താബിനെ അക്രമികളില്‍നിന്നു പൊലീസ് രക്ഷിച്ചത്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനം ആക്രമിച്ച ഹിന്ദു സേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തേക്ക് അയച്ചു. അക്രമികള്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ തന്നെയാണോ അതോ മറ്റേതെങ്കിലും സംഘടനയില്നിന്നുള്ളവരാണോയെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിലൊരാള് വാനിന്റെ പിന്‍വാതില്‍ തുറക്കുന്നതും ഉള്ളില്‍ ഒരു പൊലീസുകാരന് കാവല്നില്ക്കുന്നതും കാണാം. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് വാനില്‍നിന്നു പുറത്തിറങ്ങി അക്രമികള്‍ക്കു നേരെ തോക്ക് ചൂണ്ടുന്നതും തുടര്‍ന്ന് ആകാശത്തേക്കു വെടിയുതിര്‍ക്കുന്നതും കാണാം. അഫ്താബിനു കുഴപ്പമൊന്നുമില്ലാതെ വാന്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
മൂന്നു പേരെ കസ്റ്റഡിയിലെടുത്ത വിവരം സ്ഥിരീകരിച്ച രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജി എസ് സിദ്ദു നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അറിയിച്ചു. ”ഇവര്‍ പൊലീസ് വാന്‍ തടയുകയും വാളുകള്‍ വീശി ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും കല്ലുകളുപയോഗിച്ച് വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഇവര്‍ ആരാണെന്നും ഉദ്ദേശ്യമെന്താണും അറിയുന്നതിനായി ചോദ്യം ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ സംഘടനയുടെ അംഗങ്ങള്‍ ഉള്‍പ്പെട്ടതായി ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത സ്ഥിരീകരിച്ചു. ”അഫ്താബിനെ രോഹിണി കോടതിക്കു പുറത്ത് ആക്രമിക്കാന്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. അഫ്താബ് ഒരു ഹിന്ദു പെണ്‍കുട്ടിയെ കഷ്ണങ്ങളാക്കിയത് എങ്ങനെയെന്നതു രാജ്യം മുഴുവന്‍ കണ്ടതാണ്. ഈ പ്രവര്‍ത്തകര്‍ ചെയ്തത് അവരുടെ വ്യക്തിപരമായ വികാരമാണ്. അത്തരം ഒരു പ്രവര്‍ത്തനത്തെയും സംഘടന പിന്തുണയ്ക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമാണത്. ഞങ്ങള്‍ നിയമത്തില്‍ വിശ്വസിക്കുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.