ന്യൂഡൽഹി: ആധാർ വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചു. ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കുപോലും കൈമാറിയിട്ടില്ല. അന്വേഷണ ഏജൻസികൾ ഒന്നര വർഷത്തിനിടെ ഒരിക്കൽപ്പോലും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സിഇഒ അജയ് ഭൂഷൺ സുപ്രീം കോടതിയെ അറിയിച്ചു.

2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം ഇവ തകർത്ത് ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യം. ആധാർ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‍വെയർ വിദേശ കമ്പനിയിൽനിന്നാണ് വാങ്ങിയത്. എന്നാൽ ഈ കാരണം കൊണ്ട് വിവരങ്ങൾ കമ്പനിക്ക് ലഭിക്കില്ലെന്നും കാരണം സെർവർ ഇന്ത്യയുടേതാണെന്നും യുഐഡിഎഐ സിഇഒ പറഞ്ഞു സുപ്രീംകോടതിയിൽ പവർപോയിന്റ് പ്രസന്റേഷനിലാണ് സിഇഒ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആധാർ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിന് അവസരം നൽകണമെന്ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ആധാറിന്റെ സുരക്ഷ പവർ പോയിന്റ് അവതരണത്തിലൂടെ വിശദീകരിക്കാന്‍ യുഐഡിഎഐക്കു സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ