ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ജസ്റ്റിസ് എ.കെ.സിക്രി, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗബെഞ്ചാണ് സുപ്രധാനമായ ആധാർ കേസില്‍ വാദം കേള്‍ക്കുന്നത്.
ആധാറിനെതിരായി വാദിക്കുന്നത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാനാണ്. “ഒരു പൗരന്റെ ഓരോ ഇടപാടുകളും രേഖപ്പെടുത്തി വയ്ക്കുന്നതിനെ ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നുണ്ടോ?” എന്ന ചോദ്യത്തിലാണ് ശ്യാം ദിവാന് വാദം തുടങ്ങുന്നത്. സ്വകാര്യതയെന്ന മൗലികമായ അവകാശത്തിലൂന്നിക്കൊണ്ടാണ് ശ്യാം ദിവാന്റെ വാദങ്ങള്‍ പുരോഗമിച്ചത്. ഭരണഘടനയ്ക്ക് ഭീഷണിയാണ് ആധാര്‍ പോലൊരു വ്യവസ്ഥ എന്ന് പറഞ്ഞ ശ്യാം ദിവാന്, ആധാര്‍ ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ അത് ഇല്ല എ കാരണത്താൽ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നും ഓര്‍മിപ്പിച്ചു.
അതിനുശേഷം യുഐഡിഎഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു ശ്യാം ദിവാന്റെ വാദങ്ങള്‍. 2009ല്‍ സ്ഥാപിക്കപ്പെട്ടത് മുതല്‍ ഒരേ ഭരണാധികാരികള്‍ക്ക് കീഴിലാണത് പ്രവര്‍ത്തിക്കുന്നത്. കൃത്യമായൊരു പരിശോധന പോലും നടക്കാത്ത സംവിധാനമാണത്.
ഫിനാന്‍ഷ്യല്‍ ബില്ലായി പാർലമെന്റില്‍ അവതരിപ്പിച്ച ആധാര്‍ ആക്ട് പിന്നീട് ആദായനികുതി, ഫോണ്‍ കോള്‍, ബാങ്ക് അക്കൗണ്ട്, ഇൻഷുറന്‍സ് പോളിസി, ട്രാന്സാക്ഷന്, മ്യൂച്വല്‍ ഫണ്ട് എന്നീ സേവനങ്ങളിലൊക്കെ നിര്‍ബന്ധിതമാക്കി. ആധാറിനെതിരായി പരാതിപ്പെട്ടവരില്‍ ഗ്രാമീണ ഇന്ത്യയില്‍ നിന്നുമുള്ള കൃഷിക്കാരടക്കമുണ്ട്. തൊഴിലിടം ഉപേക്ഷിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡിനായി പോകേണ്ടി വരുന്നത്. ആധാർ ഇല്ലാത്ത പക്ഷം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പാണ് സ്കൂള്‍ കുട്ടികള്‍ അറ്റന്ഡന്സിനായി ആധാര്‍ കാര്‍ഡ് എടുക്കേണ്ടി വരുന്നത്. ഇവരൊക്കെയാണ് ആധാറിനെതിരെയും സ്വകാര്യതയ്ക്ക് വേണ്ടിയും പരാതിപ്പെട്ടിരിക്കുന്നത്- ശ്യാം ദിവാന് വാദിച്ചു.
ആധാറിനെതിരായി പരാതി നല്‍കിയവരുടെ പേര് വിവരങ്ങളിലൂടെ സുപ്രീംകോടതി കടന്നുപോയി. സുധീര്‍ വോമ്പാട്കെരെ, സഫാരി കര്‍മചാരി അംഗോളന്‍ സ്ഥാപകന്‍ ബെസ്വാഡാ വിത്സണ്, മുന്‍ ചൈല്‍ഡ് റൈറ്റ്സ് ദേശീയ കമ്മീഷന് ആയ ശാന്ത സിന്‍ഹ, കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ സേവനമനുഷ്ടിക്കുന്ന സ്ത്രീകളായ ഡോ.കല്യാണി സിങ്, മുന്‍ ഐഎഎസ് അരുണ റോയി, സൈനിക ഉദ്യോഗസ്ഥനായ കേണല്‍ മാത്യൂ തോമസ്, മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി പുട്ടുസ്വാമി തുടങ്ങി വിവിധ മേഖലയില്‍ നിന്നുമുള്ള ആള്‍ക്കാരാണ് ആധാറിനെതിരായ പരാതിയില്‍ ഹര്ജിക്കാരായുള്ളത്.
മുഖത്തിന്റെ ചിത്രം, വിരലടയാളം തുടങ്ങി ഒരു വ്യക്തിയുടെ പത്തോളം തിരിച്ചറിയല്‍ വിവരങ്ങളാണ് യുഐഡിഎഐ എടുത്തുവയ്ക്കുന്നത്. ഈ വിവരങ്ങള്‍ ‘സേവ്’ ചെയ്യുന്നിടത്താണ് പ്രശ്നം എന്നും ശ്യാം ദിവാന് പറഞ്ഞു. ഈ വിവരങ്ങളുടെ ശേഖരം തയ്യാറാക്കുന്നത് സ്വകാര്യ ഏജന്‍സികളാണ് എന്ന് പറഞ്ഞ ശ്യാം ദിവാന് കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു ചട്ടവും പാലിക്കാതെയാണ് യുഐഡിഎഐ പ്രവര്‍ത്തിച്ചത് എന്നും ആരോപിച്ചു.
വാദത്തിനിടയില്‍ ആദ്യം ഇടപെട്ടത് ജസ്റ്റിസ് ചന്ദ്രചൂഡാണ്. “ധാരാളം ജീവനക്കാര്‍ ആവശ്യമുള്ള സ്ഥാപനമാണ് യുഐഡിഎഐ എന്ന് അനുഭവപ്പെടുന്നില്ല” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. യുഐഡിഎഐയുടെ പ്രവര്‍ത്തനത്തിലേക്കാണ് പിന്നീട് ശ്യാം ദിവാന് കടന്നത്. ആധാര്‍ ആക്ടിന് മുന്‍പായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് എവിടെയും പറയുന്നുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച ശ്യാം ദിവാന്, ഏഴു വര്‍ഷത്തോളം പൗരന്റെ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ എടുത്ത സ്ഥാപനത്തിന് കൃത്യമായി ഭരണനിര്‍വഹണ സംവിധാനം കൂടി ഇല്ലെന്നും വാദിച്ചു. അതിനുശേഷം ആധാറിലെ വിവരങ്ങള്‍ എങ്ങനെയാണ് എപ്പോഴും പൗരനെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരുന്നത് എന്ന് ഉദാഹരണ സഹിതം വിവരിച്ച ശ്യാം ദിവാന് ഈ വിവരങ്ങള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നതാണെന്നും വാദിച്ചു.
എന്തിനാണോ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചത് അതിന് മാത്രം അതുപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ പോരെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. ‘അത് അങ്ങനെയല്ല നടക്കുന്നത്’ എന്നായിരുന്നു ശ്യാം ദിവാന്റെ മറുപടി. അതിന്റെ ഡിസൈന്‍ തന്നെ വളരെ മോശപ്പെട്ടതാണ് എന്ന് പറഞ്ഞ ശ്യാം ദിവാന് പൗരന് മേല്‍ രാജ്യത്തിന് കരുത്തുകാണിക്കുവാനുള്ള ഒന്നായി ആധാര്‍ കാര്‍ഡ് മാറിയെന്നും അഭിപ്രായപ്പെട്ടു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ രാജ്യം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എങ്കില്‍ അതിലെന്താണ് തെറ്റ് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. അതിലേക്ക് താന്‍ വിശദമായി വരാം എന്ന് പറഞ്ഞ ശ്യാം ദിവാന് ആധാറിന്റെ ചെലവ് അതുണ്ടാക്കുന്ന ലാഭത്തെക്കാള്‍ കൂടുതലാണ് എന്ന് പറഞ്ഞു. രണ്ട് ആധാര്‍ ബില്ലുകളിലെയും വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച ശ്യാം ദിവാന് യുണൈറ്റഡ് കിങ്ഡം പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ അസാധുവാക്കിയ സംഭവവും കോടതി മുന്‍പാകെ വച്ചു,
“സുരക്ഷിതമല്ലാത്തതും, പരീക്ഷിക്കപ്പെടാത്തതും…വ്യക്തിപരമായ അവകാശങ്ങൾക്ക് ഭീഷണിയാകുന്നതും കൊണ്ടാണ് യുകെ അങ്ങനെയൊരു നടപടിക്ക് പോയത് ” ശ്യാം ദിവാന് പറഞ്ഞു.
2010ലെ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും വരികള്‍ ഉദ്ദരിച്ച ശ്യാം ദിവാനോട് 2016ല്‍ ആധാര്‍ ആക്ട് വന്ന സ്ഥിതിക്ക് എങ്ങനെയാണ് 2010ലെ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോഴും വിഷയമാകുന്നത് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരായുന്നു. 2010ലെ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നതാണ് എന്നായിരുന്നു ശ്യാം ദിവാന്റെ മറുപടി.
ഇതോടുകൂടി കോടതി ഇന്നത്തേക്ക് പിരിയുകയായി. വ്യാഴാഴ്ച രാവിലെ 11:30 മുതല്‍ കേസിൽ വാദം പുനരാരംഭിക്കും.