ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാൻ വിസമ്മതിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് സുപ്രീം കോടതിയിൽ വൻ തിരിച്ചടി. കേന്ദ്ര നിയമത്തെ സംസ്ഥാനങ്ങൾക്ക് എതിർക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിയമം അനുസരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

“ഒരു കേന്ദ്രനിയമത്തെയും എതിർക്കാനോ ചോദ്യം ചെയ്യാനോ ഉള്ള അവകാശം സംസ്ഥാനങ്ങൾക്കില്ല. നിയമം എല്ലാവർക്കും ഒരു പോലെയാണ്. മമത ബാനർജിയും നിയമത്തിന് അതീതയല്ല. ഏതെങ്കിലും നിയമവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെങ്കിൽ വ്യക്തി എന്ന നിലയിൽ കോടതിയിൽ പോകാവുന്നതാണ്”, സുപ്രീം കോടതി നിരീക്ഷിച്ചു.

നേരത്തേ ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിനെയാണ് മമത കോടതിയിൽ ചോദ്യം ചെയ്തത്. കേന്ദ്ര നിയമം പാലിക്കാൻ സാധിക്കില്ലെന്നാണ് മമത വ്യക്തമാക്കിയത്. ഇതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്.

അതേസമയം, ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നമ്പറുകളുമായും ആധാർ ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ