ന്യൂഡൽഹി: പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ തിരിച്ചറിയലിനായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് ഭരണഘടനാവിധേയമെന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. 4:1 എന്ന അനുപാതത്തില്‍ ഭൂരിപക്ഷ ജഡ്ജികളും അംഗീകരിച്ച വിധിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് വിയോജിച്ചത്. വിധി പ്രസ്താവനയില്‍ ആധാര്‍ നിയമത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. ആധാര്‍ ഭരണഘടനാവിധേയമായി നിലനില്ക്കുമ്പോള് തന്നെയും ആര്‍ക്കൊക്കെ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാം എന്ന കാര്യത്തില്‍ സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.
ജസ്റ്റിസ് എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷന് എന്നിവര്‍ വായിച്ച ആധാര്‍ സംബന്ധിച്ച വിധിപകര്പ്പിലെ പ്രസക്ത ഭാഗങ്ങള്‍ എന്തൊക്കെ ?
- സ്വകാര്യ വ്യക്തികള്‍ക്കോ കോർപറേറ്റ് സ്ഥാപനങ്ങള്‍ക്കോ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാനാവില്ല.
- ടെലികോം സര്‍വീസുകള്‍ക്കായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധം.
- സ്കൂള്‍ പ്രവേശനം, സിബിഎസ്ഇ, നീറ്റ് പരീക്ഷ, യുജിസി തുടങ്ങിയവയ്ക്ക് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടരുത്
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ അനിവാര്യം. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ല എന്ന ഒരൊറ്റ കാരണം കാണിച്ച് സര്‍ക്കാര്‍ ആനുകൂല്യം തഴയാനാകില്ല.
- ആധാറുമായി ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കേണ്ടതില്ല.
- ആദായനികുതി, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
- ആധാര്‍ ധന ബില്ലായി പാസാക്കിയതില്‍ പൊരുത്തക്കേടില്ല.
- ആധാര്‍ സ്വകാര്യതയുടെ ലംഘനമല്ല.
- അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുത്.
- ആധാര്‍ കാര്‍ഡ് ഇല്ല എന്ന കാരണം നിരത്തി കുട്ടികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുവാനോ പദ്ധതികളില്‍ നിന്ന് ഒഴിവാക്കാനോ സാധിക്കില്ല.
Read More : ആധാര്‍ ഭരണഘടനാവിധേയം, എന്നാല്‍ എല്ലാത്തിനും ആധാരമല്ല