ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ബാങ്കുകളിൽ പുതിയ അക്കൗണ്ടുകൾ തുടങ്ങാൻ ആധാർ കാർഡ് നിർബന്ധമാണ്. നിലവിലെ അക്കൗണ്ടുകളിൽ ആധാർ വിവരങ്ങൾ ഉടൻ കൂട്ടിച്ചേർക്കുകയും വേണം. ഡിസംബർ 31 ന് മുൻപ് നിലവിലെ അക്കൗണ്ടുകളിൽ ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കണം, അല്ലാത്ത പക്ഷം അക്കൗണ്ടുകൾ റദ്ദാക്കും. 50000 മുകളിലുള്ള എല്ലാ പണമിടപാടുകൾക്കും ആധാർ ബാങ്കുകളിൽ ഹാജരാക്കണം.

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ആധാർകാർഡ് എല്ലാ കാര്യത്തിനും നിർബന്ധമാക്കരുത് എന്ന് സുപ്രീംകോടതി ഉത്തരവിട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നു. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ 2019ൽ പുറത്ത് വിടുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ആദായനികുതി സമർപ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് ആദായനികുതിവകുപ്പ് നിർബന്ധമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് ഭാഗികമായി ഇളവ് അനുവദിച്ചിരുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കുമാണ് കോടതി ഇളവ് അനുവദിച്ചിരുന്നത്. ഇതിനെ തുട‍ർന്നാണ് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടിനും ആധാ‍ർ നി‍‍ർബന്ധമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ