ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ യുഐഡിഎഐ പുതുതായി കൊണ്ടുവന്ന സുരക്ഷാ ഐഡിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളും മൊബൈല്‍ സേവനദാതാക്കളുമായി ഇതിനോടകം തന്നെ ആളുകള്‍ ആധാര്‍ നമ്പറുകള്‍ പങ്കിട്ട സാഹചര്യത്തില്‍ നിരര്‍ത്ഥകമായൊരു ശ്രമമാണ് സുരക്ഷാ ഐഡികള്‍ എന്നാണ് പി.ചിദംബരം അഭിപ്രായപ്പെട്ടത്.

“നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ദശലക്ഷക്കണക്കിന് ആളുകാര്‍ പല സേവനദാതാക്കളുമായി ആധാര്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് പുതിയ സുരക്ഷാ സംവിധാനം” ചിദംബരം ട്വീറ്റ് ചെയ്തു.

ഈ മാസമാദ്യമാണ് ആധാര്‍ വിവരങ്ങള്‍ വാട്സ്ആപ്പ് വഴി ആധാര്‍ വിവരങ്ങള്‍ വില്‍ക്കപ്പെടുന്നതായി ‘ദ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് യുഐഡിഎഐ തന്നെ മുന്നോട്ടുവരികയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസ് എടുക്കുകയും ചെയ്യുകയുണ്ടായി.

ബുധനാഴ്ച പുറത്തുവിട്ട മറ്റൊരു വിജ്ഞാപനത്തിലാണ് പൗരന്റെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാണ് എന്നുറപ്പ് വരുത്താന്‍ പുതിയ സുരക്ഷാ ഐഡി സംവിധാനം ആവിഷ്കരിക്കുന്നതായി യുഐഡിഎഐ അറിയിച്ചത്. ഇതിനോടാണ് പി.ചിദംബരത്തിന്‍റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ