ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയിലെ കരിഞ്ചന്തയും ക്രമക്കേടുകളും തടയാനായി ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വെ. ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് ടിക്കറ്റില്‍ ഇളവു ലഭിക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡും നിര്‍ബന്ധമായി ഹാജരാക്കണം.
പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഐആര്‍സിടിസിയില്‍ ഒറ്റത്തവണത്തേക്ക് മാത്രമായി ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്താണ് ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഒരുക്കുന്നത്.
2017-18ലെ പുതിയ ബിസിനസ് പദ്ധതികളുടെ ഭാഗമായി ആധാര്‍ പദ്ധതിയ്ക്ക് പുറമെ ക്യാഷ്ലെസ്സ് ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ആധാര്‍ അധിഷ്ടിത ടിക്കറ്റ് വില്‍പ്പനയ്ക്കായി രാജ്യത്താകമാനം 6000 മെഷിനുകള്‍ സ്ഥാപിക്കാനും പുതിയ പദ്ധതി പ്രകാരം തീരുമാനമായി.
കൂടാതെ 1000 ഓട്ടാമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷിനുകള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണരഹിത ഇടപാടുകള്‍ക്കായി മെയ് മുതല്‍ ഉള്‍ക്കൊള്ളുന്ന പുതിയ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് വെച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് റെയില്‍വെയ്ക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആധാറില്‍ അധിഷ്ടിതമായ ബുക്കിംഗ് നടപ്പിലാക്കുന്നത്.