ന്യൂഡല്‍ഹി: പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ തിരിച്ചറിയലിനായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് ഭരണഘടനാവിധേയമെന്ന് സുപ്രീം കോടതി വിധി. 4:1 എന്ന അനുപാതത്തിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് വിധിയോട് വിയോജിച്ചത്. വിധി പ്രസ്താവനയില്‍ ആധാര്‍ നിയമത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ വെട്ടിമാറ്റി. ആധാര്‍ ഭരണഘടനാവിധേയമായി നിലനില്ക്കുമ്പോള് തന്നെയും ആര്‍ക്കൊക്കെ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാം എന്ന കാര്യത്തില്‍ സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ജസ്റ്റിസ് എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷന് എന്നിവരാണ് വിധിപകര്‍പ്പ് വായിച്ചത്.
ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33 (2), സെക്ഷന്‍ 47, 57 എന്നിവ വെട്ടിമാറ്റി ബാങ്കുകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. സ്കൂളുകള്‍, യുജിസി, നീറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിലും വിലക്കേര്‍പ്പെടുത്തി. ആദായ നികുതി സെക്ഷന്‍ 139എഎ പ്രകാരം ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന നിയമം തുടരും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അനര്‍ഹരായവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ആധാര്‍ ലഭിക്കരുത് എന്ന കാര്യം ഉറപ്പുവരുത്തണം എന്നും കോടതി നിർദേശിച്ചു.
ഭൂരിപക്ഷാഭിപ്രായം വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് എ.കെ.സിക്രിയാണ് ആദ്യം വിധി പ്രഖ്യാപിച്ചത്. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 54 ഭരണഘടനാവിരുദ്ധമെന്ന് നിരീക്ഷണം. സെക്ഷന്‍ 52 ന് പുറമേ സെക്ഷന്‍ 33(2) റദ്ദാക്കി. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാനാവില്ല. ആധാറിന്റെ പേരില്‍ അവകാശങ്ങള്‍ തഴയരുത്. മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി ഉപയോഗിക്കണം എന്നും സുപ്രീം കോടതിയുടെ നിർദേശം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കണം എന്ന നിബന്ധന തുടരും എന്നും ജസ്റ്റിസ് സിക്രി വിധിയില്‍ വ്യക്തമാക്കി
അതേസമയം, സുപ്രീം കോടതി ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സോഴ്സ് കോഡ് പോലും വിദേശ കമ്പനിയുടേതാണ്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സ്വകാര്യമല്ലാതാക്കുന്നു. ആധാര്‍ കാര്‍ഡ് പൂര്‍ണമായും ഭരണഘടനാവിരുദ്ധമാണ് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവനയില്‍ പറയുകയുണ്ടായി. ബയോമെട്രിക് വിവരങ്ങളിലെ സവിശേഷത എന്നത് എക്കാലത്തേക്കുമായി വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. ആധാര്‍ നിയമത്തിലെ പല ഭാഗങ്ങളും ബയോമെട്രിക് വിവരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് എന്നും പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാര്‍ നിയമം ധനബില്‍ ആക്കിയത് തട്ടിപ്പാണ് എന്നും പറഞ്ഞു.
ആധാര്‍ നിയമം ധനബില്ലായി പാസാക്കിയതിനെയും ജസ്റ്റിസ് ചന്ദ്രചൂഡ് എതിർത്തു. “ധന ബില്‍ അല്ലാത്ത ആധാറിനെ ധന ബില്ലായി പാസാക്കുക എന്നത് ഭരണഘടനയുടെ മേലുള്ള തട്ടിപ്പായി കണക്കിലെടുക്കണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്യുന്നതാണത്, ” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഏറെക്കുറെ ജസ്റ്റിസ് എ.കെ.സിക്രിയുടെ അഭിപ്രായവുമായി ഒത്തുപോവുന്നതാണ് എങ്കിലും ചില വിയോജിപ്പുകളും അറിയിക്കുന്ന വിധിയാണ് അശോക് ഭൂഷണിന്റേത്. ആധാര്‍ കാര്‍ഡ് സ്വകാര്യത ലംഘിക്കുന്നില്ല. ജസ്റ്റിസ് ഭൂഷണും സെക്ഷന്‍ 57നെ തഴഞ്ഞു. മൊബൈല്‍ കണക്ഷനായി ആധാര്‍ കാര്‍ഡ് വാങ്ങരുത് എന്ന തീരുമാനത്തോട് ജസ്റ്റിസ് അശോക് ഭൂഷണും യോജിച്ചു. ആധാര്‍ കാര്‍ഡ് സ്വകാര്യത ലംഘിക്കുന്നില്ല. ജസ്റ്റിസ് ഭൂഷണും സെക്ഷന്‍ 57നെ തഴഞ്ഞു. മൊബൈല്‍ കണക്ഷനായി ആധാര്‍ കാര്‍ഡ് വാങ്ങരുത് എന്ന തീരുമാനത്തോട് ജസ്റ്റിസ് അശോക് ഭൂഷണും യോജിച്ചു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 133എഎയോടും യോജിച്ച നിലപാടാണ് അശോക് ഭൂഷന് സ്വീകരിച്ചത്.
ആധാർ വിധി ലൈവ്
2:15 PM: ആധാര്‍ നിയമം ധന ബില്ലായി പാസാക്കിയ നടപടിയില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ആധാര്‍ ധന ബില്ലാക്കിയതിനെ എതിര്‍ത്തത് ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ്.
“ധന ബില്‍ അല്ലാത്ത ആധാറിനെ ധന ബില്ലായി പാസാക്കുക എന്നത് ഭരണഘടനയുടെ മേലുള്ള തട്ടിപ്പായി കണക്കിലെടുക്കാക്കണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്യുന്നതാണത്. ” എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധി പ്രസ്താവനയില്‍ പറഞ്ഞത്.
1:45 PM ജസ്റ്റിസ് എകെ സിക്രി, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷന് എന്നിവര്‍ വായിച്ച ആധാര്‍ സംബന്ധിച്ച വിധിപകര്പ്പിലെ പ്രസക്ത ഭാഗങ്ങള്‍.
ബാങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലും നല്‍കേണ്ടതില്ല, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്നത് എവിടെയൊക്കെ ?
1:31 PM: വിധി ബിജെപിക്ക് തിരിച്ചടി
ആധാര്‍ സംബന്ധിച്ച് വിധി ബിജെപിക്ക് തിരിച്ചടിയാണ് എന്ന് കോണ്‍ഗ്രസ്. ചരിത്രത്തില്‍ നാഴികക്കല്ലായ വിധി ബിജെപിക്ക് ഏട്ടാ കനത്ത തിരിച്ചടിയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി വ്യക്തമാക്കി.
1:19 PM: സുപ്രീം കോടതി വിധിയെ അറ്റോണി ജനറല്‍ സ്വാഗതം ചെയ്തു. താന്‍ വിധിയില്‍ സന്തുഷ്ടനാണ് എന്നും ആധാര്‍ വിധി ഒരു നാഴികക്കല്ലാണ് എന്നുമാണ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പ്രതികരിച്ചത്.
12:39 PM 4:1 ഭൂരിപക്ഷത്തില്‍ ആധാര്‍ നിയമത്തെ സുപ്രീം കോടതി ശരിവച്ചു. ആധാര്‍ കാര്‍ഡ് ഭരണഘടനാവിധേയം തന്നെ.
12:34 PM ആദായനികുതി നിയമത്തിലെ സെക്ഷന്‍ 133എഎയോടും യോജിച്ച അശോക് ഭൂഷന് യോജിച്ചു.
12:30 PM ആധാര്‍ കാര്‍ഡ് സ്വകാര്യത ലംഘിക്കുന്നില്ല. ജസ്റ്റിസ് ഭൂഷണും സെക്ഷന്‍ 57നെ തഴഞ്ഞു. മൊബൈല്‍ കണക്ഷനായി ആധാര്‍ കാര്‍ഡ് വാങ്ങരുത് എന്ന തീരുമാനത്തോട് ജസ്റ്റിസ് അശോക് ഭൂഷണും യോജിച്ചു.
12:24 PM ജസ്റ്റിസ് അശോക് ഭൂഷണ് തന്റെ വിധി പ്രസ്താവന വായിക്കുകയാണ് ഇപ്പോള്‍. ഏറെക്കുറെ ജസ്റ്റിസ് എകെ സിക്രിയുടെ അഭിപ്രായവുമായി ഒത്തുപോവുന്നതാണ് എങ്കിലും ചില വിയോജിപ്പുകളും അറിയിക്കുന്ന വിധിയാണ് അശോക് ഭൂഷണിന്റേത്.
12:20 PM 2009 ആരംഭിക്കുന്നത് മുതല്‍ ആധാര്‍ കാര്‍ഡിന് ഭരണഘടനാപരമായ സാധുതയില്ല എന്ന് മാത്രമല്ല, ഓരോ തവണയും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകളെ അനുസരിക്കാതിരിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവന അവസാനിപ്പിക്കുന്നു.
12:17 PM മൊബൈല്‍ ഫോണുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് അനുവദിക്കാനാകില്ല. അത് നിയമപരമോ ഭരണഘട്നാപരമോ അല്ല. ടെലികോം കമ്പനികല് ആധാര്‍ നമ്പരുകള്‍ ഡിലീറ്റ് ചെയ്യണം എന്നും ജസ്റ്റിസ് ചന്ദ്രചൂഡ്
12:14 PM ആദായനികുതി നിയമം 139എഎ ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞുകൊണ്ട് ഭൂരിപക്ഷത്തോടുള്ള ഭിന്നാഭിപ്രായം തുറന്ന് പറയുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്.
12:10 PM 1.2 ബില്ല്യണ്‍ ജനങ്ങളുടെ അവകാശത്തെ യുഐഡിഎഐയുമായ് ഉണ്ടായ ഒരു കരാറിന്റെ പേരില്‍ പരീക്ഷിക്കാനാകില്ല. ആഥാരിലെ സെക്ഷന്‍ 47 പൗരാവകാശത്തെ ഹരിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 14, 21 എന്നിവയെ ആധാര്‍ നിയമം നിഷേധിക്കുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് വ്യക്തികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് വഴിവെക്കും.
11:59AM വിയോജിപ്പുകള്‍ ശക്തമായി തുറന്നടിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സോഴ്സ് കോഡ് പോലും വിദേശ കമ്പനിയുടെതാണ്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സ്വകാര്യമല്ലാതാക്കുന്നു. ആധാര്‍ കാര്‍ഡ് പൂര്‍ണമായും ഭരണഘടനാവിരുദ്ധമാണ് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ്.
11:55AM ബയോ മെട്രിക് വിവരങ്ങളിലെ സവിശേഷത എന്നത് എക്കാലത്തേക്കുമായി വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. ആധാര്‍ നിയമത്തിലെ പല ഭാഗങ്ങളും ബയോമെട്രിക് വിവരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ്
11:49AM “ധന ബില്‍ അല്ലാത്ത ആധാറിനെ ധന ബില്ലായി പാസാക്കുക എന്നത് ഭരണഘടനയുടെ മേലുള്ള തട്ടിപ്പായി കണക്കിലെടുക്കാക്കണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്യുന്നതാണത്. ” ജസ്റ്റിസ് ചന്ദ്രചൂഡ്
11:45AM ആധാര്‍ നിയമം ധന ബില്‍ ആക്കിയതിനെ ജസ്റ്റിസ് ചന്ദ്രചൂഡ് എതിര്‍ത്തു.
11:38 AM ആധാര്‍ നിയമം ധന ബില്‍ ആയി പാസാക്കിയതിനെ ഭൂരിപാക്ഷാംഗങ്ങള് ശരിവെച്ചു.
11:35 AM ജസ്റ്റിസ് സിക്രി വിധിപ്രസ്താവന ഉപസംഹരിച്ചു. ഭരണഘടനാ ബഞ്ചില്‍ ഭൂരിപക്ഷം ലഭിച്ച വിധിയാണ് ജസ്റ്റിസ് സിക്രി വായിച്ചത്. ഇപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവന വായിക്കുകയാണ്.
11:32 AM ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കണം എന്ന നിബന്ധന തുടരും.
11:29 AM ആധാര്‍ നിയമത്തിലെ സെക്ഷന്‍ 47 റദ്ദുചെയ്തു. വ്യക്തികള്‍ക്ക് പരാതിപ്പെടാന്‍ അവസരം നല്കുന്നതാന് ഇത്.
11:22 AM ആധാര്‍ കാര്‍ഡിലെ സ്വകാര്യത സംബന്ധിച്ച വിധിയാണ് ഇപ്പോള്‍ വായിക്കുന്നത്. ആധാര്‍ കാര്‍ഡ് പൂര്‍ണമായും നിര്‍ത്തലാക്കില്ല എന്നാണ് സുപ്രീം കോടതി വിധി സൂചിപ്പിക്കുന്നത്. സ്കൂളുകള്‍ മുതല്‍ സിബിഎസ്ഇ, നിഫ്റ്റ്, യുജിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാര്‍ ചോദിക്കുന്നതിനെയും സുപ്രീം കോടതി വിലക്കി. ആധാറിന്റെ പേരില്‍ അവകാശങ്ങള്‍ തഴയരുത്. മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി ഉപയോഗിക്കണം എന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

11:16 AM ആധാര്‍ നിയമത്തിലെ സെക്ഷന്‍ 54 ഭരണഘടനാവിരുദ്ധമെന്ന് നിരീക്ഷണം. സെക്ഷന്‍ 52 ന് പുറമേ സെക്ഷന്‍ 33(2) റദ്ദാക്കി.
11:11 AM 2017ലെ സ്വകാര്യതാ സംബന്ധിച്ച വിധിയില്‍ ഊന്നിയൌം ആധാര്‍ കാര്‍ഡ് വിധി എന്ന് ജസ്റ്റിസ് സിക്രി സൂചിപ്പിച്ചു. മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാകും ഇന്നത്തെത് എന്ന് ജസ്റ്റിസ് സിക്രി സൂചിപ്പിച്ചു,
11:06 AM “ഭരണഘടനയുടെ മൂന്നാം ഭാഗം ചൂണ്ടിക്കാട്ടി രാജ്യമൊരു ‘സര്‍വിലന്‍സ് സ്റ്റേറ്റ്’ ആകും എന്നാണ് പരാതിക്കാര്‍ ആശങ്കപ്പെടുന്നത്. ” ജസ്റ്റിസ് സിക്രി
11:03 AM ആധാര്‍ കാര്‍ഡ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കരുത്ത് പകര്‍ന്നു. അത്യാവശ്യ വിവരങ്ങള്‍ മാത്രമാണ് ആധാറിനുവേണ്ടി സ്വരൂപിച്ചിട്ടുള്ളത്.
11:00 AM ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എന്നൊന്നില്ല : ജസ്റ്റിസ് സിക്രി
10:57 AM ഏറ്റവും മികച്ചത് ആവുക എന്നതിനെക്കാള്‍ ഏറ്റവും സവിശേഷമാവുക എന്നത് പ്രാധാന്യമുള്ളതാണ് എന്ന് പറഞ്ഞാണ് ജസ്റ്റിസ് സിക്രി ആരംഭിക്കുന്നത്. ഈയടുത്ത കാലത്തെ ഏറ്റവും വലിയ സംസാര വിഷയമാണ് ആധാര്‍ എന്നും നിരീക്ഷിച്ചു. ആധാറും മറ്റ് തിരിച്ചറിയല്‍ രേഖകളും തമ്മിലുള്ള അന്തരം ഈ സവിശേഷത തന്നെയാണ് എന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.
10:51 AM ജസ്റ്റിസ് സിക്രി വിധി വായിച്ചു തുടങ്ങിയിരിക്കുന്നു. നാല്പത് പേജുള്ളതാണ് വിധിപ്രസ്താവന.
10:48 AM ഏതാനും മിനുട്ടുകള്‍ക്കകം ആധാര്‍ കേസില്‍ വാദം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് സിക്രി, ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരാണ് കേസിലെ വിധി വായിക്കുക. മുതിര്‍ന്ന ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ബഞ്ചിലുണ്ടാവും. മൂന്ന് പേര് വായിക്കുന്ന വിധിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാവും.
10:38 AM ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരചോര്‍ച്ചകളും കോടതി പരിഗണിക്കും. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖയാണ് ആധാര്‍ എന്നിരിക്കെ സ്വകാര്യ ഏജന്‍സികള്‍ക്കടക്കം നല്കുന്ന ആധാര്‍ നമ്പര്‍ സുരക്ഷിതമാണോ എന്ന ചോദ്യത്തെയാണ് കോടതി അഭിമുഖീകരിക്കുക.
10:23 AM ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യത ലംഘനമാണ് എന്ന് ആരോപിക്കുന്ന ഹര്‍ജികള്‍ കേള്‍ക്കുവാനായി മാത്രം സുപ്രീം കോടതി ചെലവിട്ടത് 38 ദിവസങ്ങളാണ്. പരമോന്നതകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടി വിധിപറയലാണ് ഇത്.

10:15 AM സുപ്രീം കോടതി പരിശോധിക്കുന്നതില്‍ പ്രധാനപ്പെട്ടത് ആധാറിലെ സ്വകാര്യതാലംഘനമാണ്. ആധാറുമായി ബന്ധപ്പെട്ട മറ്റൊരു വിധിയില്‍ സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു.
10:00 AM ആധാറുമായി ബന്ധപ്പെട്ട കേസില്‍ ഒട്ടനവധി കാര്യങ്ങളാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് :
- പൗരന്റെ ബയോമെതൃക് വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ ?
- ഒന്നിലേറെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ഇടത്ത് പൗരന്റെ തിരിച്ചറിയല്‍ ഒരൊറ്റ നമ്പറില്‍ അടയാളപ്പെടുത്താനാകുമോ ?
- ആധാര്‍ ഒരു വ്യതിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമോ ?
- ആധാര്‍ നിയമം നടപ്പിലാക്കിയത് ശരിയായ മാര്‍ഗത്തിലോ ?
- ആധാര്‍ നിയമം പാസാക്കിയ ശേഷം വരുത്തിയ മാറ്റങ്ങള്‍ ശരിവെക്കാനാകുമോ ?