കാലിഫോർണിയ: ഇന്ത്യ നടപ്പാക്കിയ ആധാർ സംവിധാനത്തെ പുകഴ്​ത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യാ നദല്ലെ. വിൻഡോസ്, ഫേസ്​ബുക്ക്​, ആൻഡ്രോയിഡ്​ എന്നിവയുടെ വളർച്ചക്ക്​ ആധാർ ഭീഷണിയാണെന്ന്​ ‘ഹിറ്റ്​ റീഫ്രഷ്​’ എന്ന തന്റെ പുസ്​തകത്തിലൂടെ​ നദല്ലെ പറ​ഞ്ഞു. മൈക്രോസോഫ്​റ്റ്​ ഇഗ്​നൈറ്റ്​ കോൺഫറൻസിനിടെയാണ്​ നദല്ലെയുടെ പുതിയ പുസ്​തകം പുറത്തിറക്കിയത്​.

‘ആധാർ പദ്ധതിയിൽ ഇപ്പോൾ 100 കോടിയിലധികം ജനങ്ങൾ അംഗങ്ങളാണ്. വിൻഡോസ്, ആൻഡ്രോയ്ഡ്, ഫെയ്സ്ബുക് തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളുടെ വളർച്ചയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കും’– സത്യ പറഞ്ഞു. വിമർശനങ്ങൾ കുമിഞ്ഞുകൂടുന്നതിനിടെ ആധാറിനെ പ്രശംസിച്ച് ടെക് ലോകത്തെ മുൻനിര കമ്പനി മേധാവി രംഗത്തെത്തിയത് കേന്ദ്ര സർക്കാരിന് ആശ്വാസമായി.

പുതിയ ഡിജിറ്റൽ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറൻസി രഹിതവുമായി ഇടപാടുകൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റ‍ർഫേസ് (എപിഐ) കൂട്ടായ്മയാണിത്.

ആധാറിന്റെ സാധുത സംബന്ധിച്ച്​ സുപ്രീം​കോടതിയിൽ കേസ്​ നില നിൽക്കുന്നുണ്ട്​. സ്വകാര്യത സംബന്ധിച്ച പുതിയ സുപ്രീംകോടതി വിധി കേന്ദ്രസർക്കാറിന്​ വെല്ലവിളിയായിരുന്നു​. ഇതിനിടെയാണ്​ ആധാറിനെ പുകഴ്​ത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ രംഗത്തെത്തിയിരിക്കുന്നത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ