ന്യൂഡല്‍ഹി: മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രത്തിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വ്യാജ മരണ സർട്ടിഫിക്കറ്റ് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജമ്മു കശ്മീർ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്ക് പുതിയ തീരുമാനം ബാധകമല്ല.

പുതിയ നിയമം അനുസരിച്ച് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ മരിച്ച വ്യക്തിയുടെ ആധാര്‍ നമ്പറോ എന്‍റോള്‍മെന്റ് നമ്പറോ ഹാജരാക്കണം. ഇനി മരിച്ചയാള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ അത് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ബന്ധുക്കള്‍ ഹാജരാക്കണം. ഇനി തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ അത് കുറ്റകരമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മരിച്ച വ്യക്തിയുടെ ആധാര്‍ കാര്‍ഡിനൊപ്പം, ഭാര്യ/ഭര്‍ത്താവിന്റെ ആധാര്‍, മാതാപിതാക്കളുടെ ആധാര്‍ എന്നിവയും ഹാജരാക്കണം. നല്‍കുന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് വേണ്ടിയാണ് ബന്ധുക്കളുടെ ആധാര്‍ കൂടി ലഭ്യമാക്കേണ്ടതെന്ന് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ