/indian-express-malayalam/media/media_files/uploads/2018/01/supreme-court.jpg)
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ആധാർ കേസിന്രെ വാദം നാളെയും തുടയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്. ആധാറിന്രെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യതയെയും ലംഘിക്കുന്നുവെന്ന് കാണിച്ചുളള പരാതികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വ്യക്തിയുടെ സ്വകാര്യതയ്ക്കുളള അവകാശം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കി വിധി പുറപ്പെടുവിച്ചിരുന്നു. നിരവധി പരാതിക്കാർ ആധാറിന്രെ സാധുതയെയും സ്വകാര്യത എന്ന മൗലികാവകാശത്തെ ആധാർ ലംഘിക്കുന്നുവെന്നും കാണിച്ച് രംഗത്ത് വന്നിരുന്നു.
ആധാറിന്രെ നിയമസാധുതയെയും അതിലെ വിവരങ്ങൾ ചോരുവാനുളള സാധ്യതയും വിഷയങ്ങളാണ്. അടുത്തിടെ ദ് ട്രിബ്യൂൺ പത്രം ആധാർ വിവരങ്ങൾ വിലയ്ക്ക് വാങ്ങാൻ കിട്ടുമെന്ന കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. 500 രൂപയ്ക്ക് ആധാറിലെ വിവരങ്ങൾ വാങ്ങാൻ കിട്ടുമെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ലേഖിക രചനാ ഖൈരയ്ക്കെതിരെയും പത്രത്തിനെതിരെയും കേസ് കൊടുക്കുകയാണ് യുണിക് ഐഡന്രിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചെയ്തത്. അജ്ഞാതരായ ഏജന്രുമാർ 500 രൂപയ്ക്ക് ആധാറിലെ ഡമോഗ്രാഫിക് ഡാറ്റ നൽകിയ വാർത്തയാണ് രചന ഖൈര റിപ്പോർട്ട് ചെയ്തത്.
ആധാറിന്രെ പന്ത്രണ്ടക്ക നമ്പർ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെതിരെയും പരാതികളുണ്ട്. ആധാർ നമ്പർ ബന്ധിപ്പിക്കാനുളള കാലാവധി നിലവിൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും പന്ത്രണ്ടക്ക ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന ആവശ്യം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പരാതിക്കാരിൽ ചിലർ ചൂണ്ടിക്കാണിച്ചു.
ആധാർ നമ്പറിന് പകരം പതിനാറക്ക വിർച്വൽ ഐഡി നമ്പർ ഉപയോഗിക്കാമെന്ന് ജനുവരി പത്തിന് യുഐഡിഎഐ പറഞ്ഞു. താൽക്കാലികമായി ഓരോ ആധാർ ഉടമയ്ക്കും വിർച്വൽ ഐഡി എടുക്കാം. സ്വകാര്യത ചോർച്ചയെ കുറിച്ചുളള ആശങ്കകളെ ശമിപ്പിക്കുന്നതിനായാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
ആധാർ നിയമത്തിന്രെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നവംബർ രണ്ടിന് കർണാടകയിൽ നിന്നുളള മാത്യു തോമസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആധാർ സ്വകാര്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നുവെന്നും ബയോമെട്രിക് സംവിധാനം ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അന്തിമവാദത്തിനായി ഈ കേസ് കോടതി പരിഗണിക്കുന്നതിനിടയിലാണ് ആധാറിൽ മുഖവും രേഖപ്പെടുത്തണമെന്ന് യുഐഡിഎഐ യുടെ നിർദേശം വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.