ന്യൂഡല്‍ഹി: പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പൊതുവിതരണ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സിഡികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

ആധാര്‍ കാര്‍ഡ് ഇതുവരെയും ലഭിക്കാത്തവര്‍ക്ക് ജൂണ്‍ 30നകം ആധാര്‍ എടുക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷ്യ നിമയപ്രകാരം സബ്‌സിഡികള്‍ ലഭിക്കും. ജൂണ്‍ 30ന് ശേഷവും ആധാര്‍ ഇല്ലെങ്കില്‍ സബ്‌സിഡി സാധനങ്ങള്‍ ലഭിക്കില്ല. അസം, മേഘാലയ, കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ഫെബ്രുവരി 8 മുതല്‍ ആധാര്‍ നിര്‍ബന്ധമാകും.

ജൂണ്‍ മുതല്‍ റേഷന്‍ കടകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുനല്‍കിയതായും കേന്ദസര്‍ക്കാര്‍ അറിയിച്ചു.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നാണ് റേഷന്‍ കടകളില്‍ ഡിജിറ്റല്‍ ഇടപാട് പ്രാബല്യത്തില്‍ വരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യ- ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്‍ സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.

രാജ്യത്താകമാനമുള്ള 5.27 റേഷന്‍ കടകളില്‍ 29000 കടകളിലാണ് ഡിജിറ്റല്‍ ഇടപാട് സൗകര്യമുള്ളത്. നിലവില്‍ രാജ്യത്ത് 80 കോടി ജനങ്ങള്‍ക്ക് അഞ്ച് കി.ഗ്രാം വീതം സബ്സിഡി സാധനങ്ങളാണ് 1-3 രൂപയ്ക്ക് ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook