ന്യൂഡൽഹി: വിവിധ സർക്കാർ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയടക്കമാണ് നീട്ടിയിരിക്കുന്നത്. എന്നാൽ ഫോൺ നമ്പറുകൾ ബന്ധിപ്പിക്കാനുള്ള തീയതി 2018 ഫെബ്രുവരി ആറിന് അവസാനിക്കും.

അതേസമയം ഇക്കാര്യം പരിഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ചിനെ രൂപീകരിക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പറഞ്ഞു. അതേസമയം, ഇനിയും ആധാറില്ലാത്തവർക്ക് മാത്രമേ മാർച്ച് 31 വരെയുള്ള സമയം ഉപയോഗിക്കാനാവൂ.

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദീകരിച്ചത്. നേരത്തേ തന്നെ ആധാറുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ശ്രീകൃഷ്ണ നയിക്കുന്ന ഡാറ്റ പ്രൊട്ടക്ഷൻ കമ്മിറ്റി റിപ്പോർട്ട് ഫെബ്രുവരിയിൽ സമർപ്പിക്കപ്പെടുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ രേഖകൾ സർക്കാരിന്റെ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന വാദം ഉയർന്ന പശ്ചാത്തലത്തിലാണ്, സുപ്രീംകോടതി ഏറെ ഗൗരവത്തോടെ ഈ കേസ് പരിഗണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ