ന്യൂഡല്‍ഹി: ആധാര്‍ ഉടമകള്‍ക്ക് ഇനി മുതല്‍ കുടുംബനാഥന്റെ/നാഥയുടെ സമ്മതത്തോടെ വിലാസം ഓണ്‍ലൈനായി പുതുക്കാമെന്നു യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ).
അപേക്ഷകന്റെയും കുടുംബനാഥന്റെ/നാഥയുടെ പേരും അവര്‍ തമ്മിലുള്ള ബന്ധവും പരാമര്‍ശിക്കുന്ന റേഷന്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ സമര്‍പ്പിച്ചശേഷം പുതിയ നടപടിക്രമം ആരംഭിക്കാം. പ്രക്രിയയ്ക്കു കുടുംബനാഥന്റെ ഒ ടി പി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം ആവശ്യമാണ്.
ബന്ധത്തിന്റെ തെളിവ് ലഭ്യമല്ലെങ്കില്‍ യു ഐ ഡി എ ഐ നിര്‍ദേശിച്ച മാതൃകയില്‍ കുടുംബനാഥന്റെ/നാഥയുടെ സത്യവാങ്മൂലം അപേക്ഷകന്‍ സമര്‍പ്പിക്കണം.
”ആധാറിലെ കുടുബനാഥനെ/നാഥയെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ വിലാസം പുതുക്കുന്നത്, സ്വന്തം പേരില്‍ പിന്തുണാ രേഖകള്‍ ഇല്ലാത്ത കുട്ടികള്‍, പങ്കാളി, മാതാപിതാക്കള്‍ തുടങ്ങിയ ബന്ധുക്കള്‍ക്കു വലിയ സഹായകമാകും. വിവിധ കാരണങ്ങളാല്‍ ആളുകള്‍ നഗരങ്ങളും പട്ടണങ്ങളും മാറുന്നതിനാല്‍, ഇത്തരമൊരു സൗകര്യം ദശലക്ഷക്കണക്കിന് ആളുകള്‍ക്കു പ്രയോജനകരമാകും,” യു ഐ ഡി എ ഐയുടെ പ്രസ്താവനയില്‍ പറയുന്നു.
യു ഐ ഡി എ ഐ നിര്‍ദേശിച്ച ഏതെങ്കിലും സാധുവായ വിലാസ രേഖ ഉപയോഗിച്ച് വിലാസം പുതുക്കാനുള്ള നിലവിലെ സൗകര്യത്തിനു പുറമെയാണു പുതിയ സംവിധാനം.
”18 വയസിനു മുകളിലുള്ള ഏതൊരു താമസക്കാര്‍ക്കും ഈ ആവശ്യത്തിനായി കുടുംബനാഥനോ നാഥയോ ആകാം. ഈ പ്രക്രിയയിലൂടെ അവരുടെ ബന്ധുക്കളുമായി വിലാസം പങ്കിടാന്‍ കഴിയും,” പ്രസ്താവനയില്‍ പറയുന്നു.
വിലാസങ്ങള്‍ ഓണ്‍ലൈനായി പുതുക്കുന്നതിനു ‘മൈ ആധാര്‍’ പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. തുടര്‍ന്നു കുടുംബനാഥന്റെ/നാഥയുടെ സാധുവായ ആധാര്‍ നമ്പര്‍ നല്‍കണം. കുടുംബനാഥരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആധാറിന്റെ മറ്റു വിവരങ്ങളൊന്നും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കില്ല.
കുടുംബനാഥന്റെ/നാഥയുടെ ആധാര്‍ നമ്പര്‍ സ്ഥിരീകരിക്കപ്പെടുന്ന മുറയ്ക്ക്, അപേക്ഷകന്‍ ഇവര്‍ ബന്ധത്തിന്റെ തെളിവ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സേവനത്തിനായി 50 രൂപ ഫീസ് അടയ്ക്കണം. പേയ്മെന്റ് പൂര്‍ത്തിയാകാനായി ഒരു സേവന അഭ്യര്‍ത്ഥന നമ്പര്‍ (എസ് ആര്‍ എന്‍) പങ്കിടും. കൂടാതെ വിലാസം പങ്കിടാനുള്ള അഭ്യര്‍ത്ഥന സംബന്ധിച്ച് കുടുംബനാഥന് എസ് എം എസ് അയയ്ക്കുകയും ചെയ്യും.
അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തുകൊണ്ട് കുടുംബനാഥന്‍/നാഥ അഭ്യര്‍ത്ഥനയ്ക്ക് അനുമതി നല്‍കണം. ഇതോടെ അഭ്യര്‍ത്ഥന പ്രോസസ് ചെയ്യും. കുടുംബനാഥന്‍/നാഥ വിലാസം പങ്കിടാതിരിക്കുകയോ എസ് ആര്‍ എന്‍ 30 ദിവസത്തിനുള്ളില്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ലെങ്കിലോ അഭ്യര്‍ത്ഥനയിലെ നടപടികള്‍ അവസാനിപ്പിക്കും.
വിലാസം അപ്ഡേറ്റ് തേടുന്ന താമസക്കാരനെ, അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത് എസ് എം എസ് വഴി അറിയിക്കും. കുടുംബനാഥന്‍/നാഥ സ്വീകരിക്കാത്തതിനാല്‍ അഭ്യര്‍ത്ഥന അവസാനിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അല്ലെങ്കില്‍ നടപടിക്രമത്തിനിടെ നിരസിച്ചാല്‍, തുക അപേക്ഷകനു തിരികെ നല്‍കില്ലെന്നും യു ഐ ഡി എ ഐയുടെ പ്രസ്താവനയില്‍ പറയുന്നു.