ന്യൂഡൽഹി: പശുവിനും പശുക്കിടാവിനും ഇനി മുതൽ ആധാർ നമ്പർ നൽകിയേക്കും. ഗോസംരക്ഷണത്തിനും പശുക്കടത്ത് തടയുന്നതിനും ആധാർ നമ്പർ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുളള റിപ്പോർട്ട് സുപ്രീംകോടതിക്കു മുൻപാകെ സമർപ്പിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിനായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്നും സമിതി നൽകിയ ശുപാർശകൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശുക്കടത്ത് തടയുന്നതിനു വേണ്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡും ഏർപ്പെടുത്താനുളള കേന്ദ്രസർക്കാരിന്റെ നീക്കം. ഓരോ ജില്ലയിലും ഷെൾട്ടർ ഹോമുകൾ സ്ഥാപിക്കും. പിടിച്ചെടുക്കുന്ന 500 ഓളം പശുക്കളെ ഇവിടെ പാർപ്പിക്കാം. ഇവയെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പശുക്കിടാങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകാനുളള നിർദേശങ്ങളും കർഷകരുടെ അഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികളും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പശു സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ജമ്മു കശ്മീരിലെ റെസായി ജില്ലയിൽ കന്നുകാലികളുമായി യാത്ര ചെയ്ത നാടോടി കുടുംബത്തിലെ അംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നു പുറത്തുവന്നിരുന്നു. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഡപ്യൂട്ടി കമ്മിഷണറിൽനിന്നും അനുവാദം വാങ്ങാതെ പശുക്കളെ റസായിൽനിന്നും കടത്തിയതിന്റെ പേരിൽ കുടുംബത്തിലെ നാലുപേർക്കെതിരെ കേസ് എടുത്തു. ഡൽഹിയിലെ കൽകാജി പ്രദേശത്തും അടുത്തിടെ സമാന സംഭവം നടന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ