ന്യൂഡൽഹി: ആധാർ പ്രശ്നങ്ങളും നടപ്പാക്കൽ പിഴവുകളും സംബന്ധിച്ച ഹർജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ വാദമാണ് കേട്ടതെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസാണ് ഏറ്റവും കൂടുതല്‍ കാലം വാദം കേട്ട കേസ്. ആധാര്‍ കേസില്‍ 38 ദിവസമാണ് വാദം കേട്ടത്.
ആധാർ ഗുരുതരപ്രശ്നമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇതിനായി അൾഷൈമേഴ്സ് രോഗിയായ തന്റെ അമ്മ സഹിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും അദ്ദേഹം കോടതിയിൽ ചുണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് ബെഞ്ചിന്റെ തലവൻ. മുൻ ചീഫ് ജസ്റ്റീസിന്റെ ഭാര്യ എന്ന നിലയിൽ, അൾഷൈമേഴ്സ് രോഗിയായ എന്റെ അമ്മയ്ക്ക് കുടുംബ പെൻഷൻ ലഭിച്ചിരുന്നു. ആധാർ നിയമം പ്രാബല്യത്തിലായതിനുശേഷം പെൻഷന്റെ ആധികാരികത വ്യക്തമാക്കേണ്ടിവന്നു. എല്ലാ മാസവും ബാങ്ക് മാനേജറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വിവിധ രേഖകളിൽ മാതാവിന്റെ വിരലടയാളം ശേഖരിക്കുന്നതിനുവേണ്ടി വീട്ടിലെത്തി. ഇതിനുശേഷം മാത്രമാണ് അവർക്കു പെൻഷൻ ലഭിച്ചിരുന്നത്. ഇത് ഒരു ഗുരുതരപ്രശ്നമാണ്- ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. ആനുകൂല്യങ്ങൾ ഒൗദാര്യമോ ദാനമോ അല്ലെന്നും ഈ പ്രശ്നത്തിനു പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് വൈ.വി.ചന്ദ്രചൂഡിന്റെ മകനായ ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
ആധാർ കാർഡ് സംബന്ധിച്ച് ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനക്ക് വന്നത്. 12 അക്ക ആധാർ നമ്പർ സർക്കാർ സേവനങ്ങൾക്ക് നിർബന്ധിതമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വകാര്യത സൂക്ഷിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുന്നതാണ് എന്നായിരുന്നു ഹരജിക്കാരുടെ വാദം. ആധാർ നിയമം മനുഷ്യത്വത്തെ ഹനിക്കുന്നതാണ് എന്നും ഹരജിക്കാർ വാദിച്ചു. സർക്കാറിൽ നിന്നുള്ള സൗജന്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാർ പ്രയോജനപ്പെടുത്തുന്നതെന്നും വിതരണത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനും അഴിമതി ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook