ന്യൂഡല്‍ഹി: സുപ്രധാനമായ ആധാര്‍ കേസിന്‍റെ അന്തിമവാദം രണ്ടാം ദിവസം തുടരുമ്പോള്‍ ആധാർ കാര്‍ഡ് എങ്ങനെയാണ് സ്വകാര്യത എന്ന മൗലികാവകാശത്തിന്‍റെ ലംഘനമാകുന്നത് എന്നതിലൂന്നിയ വാദമാണ് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ വിശദീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ജസ്റ്റിസ് എ.കെ.സിക്രി, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗബെഞ്ചാണ് സുപ്രധാനമായ ആധാർ കേസില്‍ വാദം കേള്‍ക്കുന്നത്.
ആധാറിന്‍റെ അപേക്ഷാ ഫോറം ഉയര്‍ത്തിയാണ് ശ്യാം ദിവാന്‍ വാദം ആരംഭിച്ചത്. മൂന്ന് പോയിന്‍റുകളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ആധാറിന്‍റെ ഫോമില്‍ ഒരിടത്ത് പോലും അത് നിര്‍ബന്ധമല്ല എന്ന് പറയുന്നില്ല. രണ്ടാമതായി, യുഐഡിഎഐ യുടെ രേഖകളിലെ പ്രസ്താവന പോലെ ആധാറിന്‍റെ ഫോമിലും ബയോമെട്രിക്സിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മൂന്നാമതായി, അതില്‍ സത്യവാങ്മൂലമോ അതിന്മേല്‍ പരിശീലനമോ നടക്കുന്നില്ല. എന്നീ കാരണങ്ങള്‍ നികത്തിയ അഭിഭാഷകന്‍, അപേക്ഷയില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത് എന്നോ ഒപ്പ് ഇല്ല എന്നും ചൂണ്ടിക്കാണിക്കുന്നു. “ഇത്രയും കൊണ്ട് തന്നെ എവിടെയാണ് ബയോമെട്രിക് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ പൗരന്‍റെ സമ്മതം വാങ്ങുന്നത് ?” ശ്യാം ദിവാന്‍ ചോദിച്ചു.
Read More : ആധാര്‍ കേസ്; അന്തിമവാദത്തിന്‍റെ ആദ്യനാള്‍ സുപ്രീംകോടതിയില്‍ നടന്നത്
ഒരു ക്ഷേമ രാഷ്ട്രത്തിൽ പൗരന് മുന്നില്‍ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നത് ബാര്‍ട്ടര്‍ സിസ്റ്റമല്ല, നിങ്ങളുടെ വിരലടയാളം തരികയാണ് എങ്കില്‍ നിങ്ങള്‍ക്ക് അവകാശം തരാം എന്ന് പറഞ്ഞുകൊണ്ട് ശേഷകാലം വിരലടയാളത്തിന്‍റെ പേരില്‍ അയാള്‍ പിന്തുടരപ്പെടേണ്ടതില്ല എന്ന് പറഞ്ഞ ശ്യാം ദിവാന്‍ ആധാറുമായി ബന്ധപ്പെട്ട് അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ സത്യവാങ്‌മൂലവും കോടതി മുന്‍പാകെ സമര്‍പ്പിച്ചു.
ശേഷം ആധാറിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഇടപ്പെടുന്ന എന്‍റോളിങ് ഏജന്‍സി, റജിസ്ട്രാര്‍, വെരിഫൈയര്‍, ഇന്‍ട്രഡ്യൂസർ, ഓപ്പറേറ്റര്‍, സൂപ്രവൈസര്‍ തുടങ്ങിയവരുടെ മെറിറ്റിലേക്കാണ് ശ്യാം ദിവാന്‍ പിന്നീട് കടന്നത്. എന്‍റോളിങ് ഏജന്‍സിയായി ‘സാഗര്‍ ഫുഡ്സും’, ‘ചിരാഗ് കണ്‍സ്ട്രക്ഷന്‍സും’ പോലുള്ളവര്‍ പരിഗണിക്കപ്പെടുമ്പോള്‍ എന്‍റോളിങ് സെന്‍ററുകള്‍ പുറം പണിക്കാര്‍ക്ക് നല്‍കുകയാണ്. ആധാര്‍ കാര്‍ഡിന്‍റെ ഒരു ഘട്ടത്തില്‍ പോലും യുഐഡിഎഐ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടില്ല എന്നായിരുന്നു ശ്യാം ദിവാന്റെ വാദം.
“യൂണിയന്റെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ നടത്തുന്ന എല്ലാ കരാറുകളും രാഷ്ട്രപതിയോ അല്ലെങ്കിൽ ഗവർണറുടെ ഭരണകൂടമോ തീരുമാനിക്കേണ്ടതാണ് എന്നു മാത്രമല്ല, അത്തരത്തിലുള്ള എല്ലാ കരാറുകളും ഉറപ്പുകളും രാഷ്ട്രപതി അല്ലെങ്കിൽ ഗവർണ്ണർക്ക് വേണ്ടി അവരുടെ നിര്‍ദ്ദേശപ്രകാരം അധികാരപ്പെട്ട വ്യക്തികൾ നടത്തും” എന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 299 ഓര്‍മിപ്പിച്ച ശ്യാം ദിവാന്‍ ഭരണനിര്‍വഹണത്തില്‍ പിന്തുടരേണ്ട ഇത്തരം നിയമസംഹിതകളെ യുഐഡിഎഐ ഇത്രയും കാലമായി കാറ്റില്‍ പറത്തുകയായിരുന്നു എന്നും ആരോപിച്ചു.
ആധാര്‍ കേസ് പരിഗണിക്കവേ സുപ്രീംകോടതി പരിഗണിച്ച മറ്റൊരു കേസായ സ്വകാര്യത കേസാണ് അദ്ദേഹം പ്രതിപാദിച്ചത്. സ്വകാര്യത മൗലികാവകാശമാണ് എന്നുള്ള ചരിത്രപരമായ വിധി എങ്ങനെയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അന്തസ്സ്, സ്വയംഭരണം, സ്വത്വം എന്നിവയിലെ സ്വകാര്യതയെ അടിവരയിടുന്നത് എന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ‘വ്യക്തിഗത സ്വാതന്ത്ര്യങ്ങളെ തിരിച്ചറിയുന്നതിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും മാത്രമാണ് പൊതുജന ക്ഷേമം നിലനില്‍ക്കുന്നത്’ എന്ന് വിധി ഉദ്ധരിച്ചുകൊണ്ട് ശ്യാം ദിവാന്‍ പറഞ്ഞു.
“ഡിജിറ്റൽവത്കൃതമായ ഒരു ലോകത്ത്, ഗവൺമെന്റ് പൗരൻമാരുടെ സഖ്യകക്ഷിയായിരിക്കണം, അല്ലാതെ അതിന്റെ എതിരാളിയുടേതല്ല. കോർപ്പറേറ്റുകൾക്കെതിരെ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.” ആധാര്‍ വിവര ചോര്‍ച്ചയേയും സ്വകാര്യതയേയും ബന്ധിപ്പിച്ച് സംസാരിച്ച ശ്യാം ദിവാന്‍ അമേരിക്കയിലുണ്ടായ ഒരു കേസും പരമോന്നത കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് Vs ജോണ്‍സ് എന്ന കേസ് കാറുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതാണ്. സ്വകാര്യത ലംഘിക്കുന്നതിന് ഇനിയുള്ള കാലത്ത് ശാരീരികമായ ഇടപെടലുകൾ ആവശ്യമില്ല. ‘ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പൂർണ്ണമായ വിവരങ്ങള്‍ ഉണ്ടാക്കുകയെന്നത് ആ വ്യക്തിയുടെ ഡിജിറ്റല്‍ വിവരങ്ങള്‍കൊണ്ട് മാത്രം പര്യാപ്തമാണ്.’ ശ്യാം ദിവാന്‍ ചൂണ്ടിക്കാണിച്ചു.
ചീഫ് ജസ്റ്റിസിന്‍റെ ഇടപെടല്‍. സ്വകാര്യതയെ കുറിച്ചുള്ള സുപ്രീംകോടതി വിധിയില്‍ ഡിജിറ്റല്‍ വിവരങ്ങളുടെ കാലത്തെ കുറിച്ചുള്ള ഖണ്ഡിക വായിക്കുവാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിക്കുന്നു. ‘ഡാറ്റാ മൈനിങ്’, ‘ഡാറ്റാ പ്രൊഫൈലിങ്’ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഖണ്ഡിക. ആധാറില്‍ നടക്കുന്ന വിവര ചോര്‍ച്ചയുമായി ഇത് കൂട്ടിവായിക്കാവുന്നതാണ്.
ഇതോടുകൂടി ആധാര്‍ കേസിലെ അന്തിമവാദം രണ്ടാം ദിവസവും പിരിഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ആധാർ കേസിൽ വാദം തുടരുക.