ന്യൂഡൽഹി: സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാൽ ആധാർ നിർത്തലാക്കാനും ആകില്ല. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിന് തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ നിർബന്ധമാക്കുന്നത് കുഴപ്പമില്ലെന്നും കോടതി അറിയിച്ചു. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ടതില്ലെന്നും കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പാൻ കാർഡിന് ആധാർ നിർബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെ മൊബൈൽ ഫോൺ കണക്ഷൻ എടുക്കുന്നതിനും ഡ്രൈവിങ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. പഴയ ലൈസൻസുകൾ പുതുക്കാനും പുതിയ ലൈസന്‍സ് നേടാനും ആധാർ നിർബന്ധമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബറോടെ പുതിയ സംവിധാനം പ്രാബല്യത്തിലാക്കാനായിരുന്നു സർക്കാർ ആലോചന.

ആദായ നികുതി റിട്ടേണുകൾക്കും ആധാർ നിർബന്ധമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ജൂലൈ ഒന്നു മുതൽ ഇത് നിർബന്ധമാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ