ന്യൂഡല്‍ഹി: ആധാര്‍ ‘ രാജ്യസുരക്ഷയ്ക്ക് ഭീഷണി” എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായം അറിയിച്ചത്. താന്‍ ഇതേപറ്റി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ സുപ്രീം കോടതി തള്ളിക്കളയും എന്നാണ് തന്റെ പ്രതീക്ഷ എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

” നിര്‍ബന്ധിത ആധാര്‍ എങ്ങനെയാണ് രാജ്യസുരക്ഷയെ ബാധിക്കുക എന്ന്‍ വിശദീകരിച്ചുകൊണ്ട് ഞാന്‍ ഉടനെതന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതാവും. സുപ്രീംകോടതി അത് തള്ളിക്കളയും എന്നാണ് എന്‍റെ പ്രതീക്ഷ” സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇന്നലെയാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നയം പരിശോധിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിനോട്‌ നിര്‍ദ്ദേശിക്കുന്നത്.

അതേസമയം, വിഷയം കോടതിയില്‍ വാദിക്കും എന്നായിരുന്നു തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വന്ന പ്രതികരണം. ആധാര്‍ നിര്‍ബന്ധമാക്കുവാനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31വരെ നീട്ടിയ സുപ്രീംകോടതി വിധിക്ക് മറുപടിയറിയിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ” വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഇനിയുമൊരു മൂന്നുമാസത്തേക്ക് 2018 മാര്‍ച്ച് 31വരെ നീട്ടുന്നു. ‘ സുപ്രീംകോടതി വിധി പറയുന്നു.

ഈയടുത്ത് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസ് പരിശോധിച്ച സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച്‌ സ്വകാര്യത മൗലികാവകാശമാണ് എന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ