ന്യൂഡൽഹി: പിണറായി വിജയന്റെ നേതൃത്വത്തിലുളള എൽഡിഎഫ് സർക്കാർ ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുളള പരസ്യം നിരവധി ദിനപത്രങ്ങളിലാണ് സർക്കാർ നൽകിയിട്ടുളളത്. മലയാളം ദിനപത്രങ്ങളിൽ മാത്രമല്ല പ്രമുഖ ദേശീയ ദിനപത്രങ്ങളുടെ ഡൽഹി എഡിഷന്റെ ഒന്നാം പേജുകളിലും പരസ്യം നൽകിയിട്ടുണ്ട്.

സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചുളളതാണ് പരസ്യം. ആരോഗ്യം, തൊഴിൽ, ബാങ്കിങ് തുടങ്ങിയ നിരവധി മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറയുന്നതാണ് പരസ്യം. കൊച്ചി മെട്രോയുടെ പുരോഗതിയെക്കുറിച്ചും ട്രാൻസ്ജെൻഡേഴ്സിന് മെട്രോയിൽ ജോലി നൽകിയതിനെക്കുറിച്ചും പരസ്യത്തിൽ വിവരിക്കുന്നുണ്ട്. സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചും പരസ്യത്തിൽ പറയുന്നുണ്ട്.

‘നമുക്കൊരുമിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ട്’ എന്ന വാചകത്തിലാണ് മലയാളം ദിനപത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും കാർഷിക മേഖലയിലെ അഭിവൃദ്ധിയെക്കുറിച്ചും സ്ത്രീ സുരക്ഷ, സാമൂഹിക ക്ഷേമപദ്ധതികൾ തുടങ്ങി സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും പരസ്യത്തിൽ പ്രതിപാദിക്കുന്നു.

2016 മേയ് 25 ന് നൽകിയ പരസ്യം

കഴിഞ്ഞ വർഷം മേയ് 25 ന് പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസവും ഇതേ മാതൃകയിൽ പരസ്യം നൽകിയിരുന്നു. കോടികൾ ചെലവഴിച്ച് പരസ്യം നൽകിയത് വിവാദമാവുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ