മുംബൈ:​ അന്തരിച്ച ചലച്ചിത്ര നടി ശ്രീദേവിയുടെ മുംബൈയിലെ വസതിക്ക് മുമ്പില്‍ ആരാധകപ്രവാഹം. ചലച്ചിത്ര- സാസ്കാരിക രംഗത്ത് നിന്നും നിരവധി പേരാണ് നടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിച്ചേരുന്നത്. ശ്രീദേവി സാമ്പത്തികമായും അല്ലാതെയും സഹായിച്ചവരും നടിയെ കാണാന്‍ മണിക്കൂറുകളായി സ്ഥലത്ത് കാത്തിരിക്കുന്നുണ്ട്.

ഇതില്‍ രണ്ട് ദിവസമായി നടിയുടെ വസതിക്ക് മുമ്പില്‍ കാത്തിരിക്കുന്ന ജതിന്‍ വാത്മികി എന്നയാളും ഉണ്ടായിരുന്നു. കാഴ്ച ശക്തിയില്ലാത്ത ഇദ്ദേഹം നടി തന്നേയും സഹോദരനേയും സഹായിച്ചതായി വ്യക്തമാക്കി. മസ്തിഷ്കത്തില്‍ മുഴയുളള തന്റെ സഹോദരന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ ശ്രീദേവി തന്നതായും ഒരു ലക്ഷം രൂപ ആശുപത്രിയില്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിന്നുളള ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി ശ്രീദേവിയുടെ വീടിന് മുമ്പില്‍ കാത്തിരിക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആരാധകര്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ശ്രീദേവിയുടെ ജന്മസ്ഥലമായ തമിഴ്നാട്ടില്‍ നിന്ന് പോലും ആരാധകരെത്തി. ഇന്ത്യന്‍ സിനിമയിലെ താരറാണിയായി വളര്‍ന്ന ശ്രീദേവിയുടെ യാത്ര തുടങ്ങിയത് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നുമാണ്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അവരുടെ ജന്മനാടും വിതുമ്പുകയാണ്. വിരുദ്ധ്‌നഗര്‍ ജില്ലയിലെ ശിവകാശി താലൂക്കിലെ മീനംപെട്ടി എന്ന ചെറുഗ്രാമത്തില്‍ നിന്നുമാണ് ശ്രീദേവി തന്റെ യാത്ര തുടങ്ങുന്നത്. ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ സിനിമ കീഴടക്കിയ ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ഗ്രാമവാസികള്‍.

മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ അവരുടെ ജന്മഗൃഹത്തിന് മുന്നില്‍ ശ്രീദേവിയുടെ ബാല്യകാല ചിത്രങ്ങള്‍ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍. ബാലതാരമെന്ന് നിലയ്ക്ക് ശ്രീദേവി സിനിമയില്‍ സജീവമായതോടെ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കി. ശ്രീദേവിയുടെ മുത്തച്ഛന്‍ പൊന്നുസ്വാമിയുടെ കാലം മുതല്‍ കുടുംബം മീനംപെട്ടിയിലാണ്. പൊന്നുസ്വാമിയുടെ രണ്ടു മക്കളാണ് അയ്യപ്പനും രാമസ്വാമിയും. അയ്യപ്പന്റെ മക്കളാണ് ശ്രീദേവിയും ശ്രീലതയും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കെ.കാമരാജുമായി അയ്യപ്പന്‍ അടുപ്പം പുലര്‍ത്തിയിരുന്നു. അയ്യപ്പന്‍ 1989ല്‍ തിരഞ്ഞെടുപ്പില്‍ മൽസരിച്ചപ്പോഴാണ് ശ്രീദേവി അവസാനമായി ജന്മനാട്ടില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ പരാജയപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook