scorecardresearch
Latest News

ടിവിയും മൊബൈൽ ഫോണും ഓഫ് ചെയ്യുക, കുടുംബാംഗങ്ങളോട് സംസാരിക്കുക: ജനങ്ങളോട് അഭ്യർഥിച്ച് ഒരു ഗ്രാമം

തുടക്കത്തിൽ ഇഷ്ടമുള്ളവർ ടിവിയും സെൽഫോണുകളും സ്വിച്ച് ഓഫ് ചെയ്താൽ മതിയാകും. എന്നാൽ ഭാവിയിൽ ഇത് നിർബന്ധമാക്കാനാണ് ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി

mumbai village, ie malayalam

മുംബൈ: എല്ലാ ദിവസവും രാത്രി 7 മുതൽ 8.30 വരെ ടിവിയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുക, വായനാ ശീലം തുടങ്ങുക, കുടുംബാംഗങ്ങളുമായി സംസാരിക്കുക കോൽഹപൂർ ജില്ലയിലെ മാൻഗോൺ എന്ന ഗ്രാമം അവിടുത്തെ നിവാസികളോട് നടത്തിയ അഭ്യർഥനയാണിത്. നമ്മളെല്ലാം ടിവിക്കും മൊബൈൽ ഫോണിനും അടിമപ്പെട്ടിരിക്കുകയാണ്. കുടുംബത്തിലെ ശ്രദ്ധ കുറയുകയും, കുടുംബാംഗങ്ങളുമായുള്ള സംസാരം കുറയുകയും, പിന്നീട് ഇത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് മാൻഗോൺ ഗ്രാമത്തിലെ സർപഞ്ച് രാജു മഗ്ദൂം പറഞ്ഞു.

ജനുവരി 26 ന് ഗ്രാമ പഞ്ചായത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയുണ്ടായി. ഈ ആസക്തിക്കെതിരെ പോരാടാൻ അവിടെവച്ച് ഏകകണ്ഠമായ തീരുമാനമെടുത്തു. രാജ്യാന്തര വനിതാ ദിനം പ്രമാണിച്ച് മാർച്ച് 8 മുതൽ ഈ ക്യാംപെയിൻ ആരംഭിക്കാൻ ഗ്രാമം തീരുമാനിച്ചു.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മാൻഗോണിന് രാജ്യത്തിന്റെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡോ. ബാബാസാഹെബ് അംബേദ്കറും ഛത്രപതി ഷാഹു മഹാരാജും അയിത്തത്തിനെതിരെ 1920 മാർച്ച് 21-ന് ആദ്യത്തെ സംയുക്ത സമ്മേളനം നടത്തിയത് ഈ ഗ്രാമത്തിലാണ്. വിധവകളെ അടിച്ചമർത്തുന്ന പിന്തിരിപ്പൻ ആചാരങ്ങൾക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയത് മാൻഗോണാണ്.

തുടക്കത്തിൽ ഇഷ്ടമുള്ളവർ ടിവിയും സെൽഫോണുകളും സ്വിച്ച് ഓഫ് ചെയ്താൽ മതിയാകും. എന്നാൽ ഭാവിയിൽ ഇത് നിർബന്ധമാക്കാനാണ് ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി. അതിനു മുൻപായി ഓരോ കുടുംബങ്ങൾക്കും 5 തവണ അവസരം നൽകും. ഒരു കുടുംബം ആറാം തവണയും മാനദണ്ഡം ലംഘിച്ചാൽ, വസ്തു നികുതി വർധനയുടെ രൂപത്തിൽ പിഴ ചുമത്തും. എല്ലാ ദിവസവും രാത്രി 7 മുതൽ 8.30 വരെ സേവനങ്ങൾ വിച്ഛേദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കേബിൾ ഓപ്പറേറ്റർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ഡിടിഎച്ച് കണക്ഷനുള്ളവർ ടിവി സെറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെടും.

”മൂന്നു കിലോമീറ്റർ അകലെ വരെ ശബ്ദം കേൾക്കുന്ന തരത്തിൽ ഗ്രാമ പഞ്ചായത്തിന്റെ കെട്ടിടത്തിനു മുകളിൽ ഒരു സൈറൺ സ്ഥാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് മൂന്ന് മിനിറ്റ് ഗ്രാമവാസികളോട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആവശ്യപ്പെടും. ഞങ്ങളുടെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആദ്യം വീടുകൾ സന്ദർശിച്ച് അവബോധവൽക്കരണം നടത്തും. ടിവിയും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നതിനുപകരം കുടുംബാംഗങ്ങളുമായി സംസാരിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാൻ അവരോട് ആവശ്യപ്പെടും,” മഗ്ദൂം പറഞ്ഞു. മറ്റു ഗ്രാമ പഞ്ചായത്തുകളും ഈ ക്യാംപെയിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ അവരും ഇത് നടപ്പിലാക്കിയേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം, സമാനമായൊരു ക്യാംപെയിൻ അയൽജില്ലയായ സാംഗ്ലിയിൽ നടന്നിരുന്നു. അവിടെ അഞ്ച് ഗ്രാമങ്ങൾ വൈകുന്നേരം ഒരു മണിക്കൂർ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ഓൺ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: A village appeals to its residents turn off tv and cellphone