മുംബൈ: ഇന്ത്യക്കാർ പാകിസ്ഥാനെ പൂർണമായും ബഹിഷ്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ശിവസേന. പാകിസ്ഥാനിൽ ഇന്ത്യൻ മുസ്ലീം പുരോഹിതന്മാരെ കാണാതായി അനിശ്ചിതത്വത്തിനൊടുവില്‍ തിരിച്ചെത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്താണ് പാകിസ്ഥാനുമായി എല്ലാ തരത്തിലുമുള്ള ബന്ധം വിച്ഛേദിക്കണമെന്ന് അഭിപ്രായപ്പെട്ടത്.

പാകിസ്ഥാന്റെ കലാകാരന്മാക്കും ​ ക്രിക്കറ്റ് താരങ്ങൾക്കും മറ്റുള്ളവർക്കും ഇന്ത്യ സന്ദർശിക്കാൻ അനുവാദം നൽകരുതെന്ന് താന്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഇന്ത്യക്കാർ അവിടേക്ക് പോകാനും പാടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് ഈ പുരോഹിതന്മാർ അവിടേക്ക് പോയതെന്തിനാണ്?​ നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ പാകിസ്ഥാനോട് നിങ്ങൾക്ക് ശത്രുത തോന്നണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പുരോഹിതന്മാരെ ഇപ്രകാരം കൈകാര്യം ചെയ്തതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ പിടിയിലായ പുരോഹിതര്‍ ഇന്നലെ രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇവര്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു പോയത്.

ഇവിടെ നിന്നും സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നാട്ടിലുളളവരുമായി ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് വിവരം.

സഹോദരിയോടൊപ്പം കറാച്ചിയിലെ നിസാമി നഗ്രിയിൽ ഒരാഴ്ച്ച ചിലവഴിച്ച ഇവർ മാർച്ച് 13ന് ലാഹോറിലെ ദത്ത ദർബാർ ദേവാലയം സന്ദർശിച്ച ശേഷം കറാച്ചിയിലേക്കു തിരിച്ചെത്താനിരിക്കേയാണ് കാണാനില്ലെന്ന് വിവരം ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook