ശ്രീനഗര്‍: ഒരിക്കൽ രാജ്യത്തിനെതിരെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാൾ, വെടിയേറ്റ് മരിച്ചപ്പോൾ രാജ്യത്തിന്റെ ഹൃദയത്തിലെ നോവായി മാറി ആ ജീവിതം. ഷോപ്പിയാനിൽ ഭീകരരുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞ ധീരനായ സൈനികൻ ലാൻസ് നായിക് നസീർ അഹമ്മദ് വാനി, മുൻപ് ഭീകര സംഘടനയുടെ പ്രവർത്തകനായിരുന്നു.

ഞായറാഴ്‌ചയായിരുന്നു നസീർ അഹമ്മദ് വാനിയുടെ അന്ത്യം. ഷോപ്പിയാനിൽ ബതാഗുണ്ട് മേഖലയിൽ ഭീകരരുമായുളള ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റത്. 38 വയസായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭീകര സംഘടനയിൽ ചേർന്ന് കശ്മീരിന്റെ മോചനത്തിനായി പ്രവർത്തിച്ച നസീറിന് പിന്നീട് ഈ പ്രവർത്തനത്തിൽ യാതൊരു അർത്ഥവുമില്ലെന്ന് ബോധ്യം വന്നു. അദ്ദേഹം ഭീകരവാദ പ്രവർത്തനം അവസാനിപ്പിച്ചു. പൊലീസിന് മുൻപാകെ കീഴടങ്ങിയ നസീർ അഹമ്മദ് വാനി പിന്നീട് ജമ്മു കശ്മീരിൽ സർക്കാരിന്റെ ഭാഗമായ ഇഖ്‌വാൻ ഫോഴ്സിന്റെ ഭാഗമായി.

കശ്മീരിൽ സംഘർഷം നിറഞ്ഞ് നിൽക്കുന്ന കുൽഗാം പ്രവിശ്യയിലെ ചേകി അഷ്‌മുജി ഗ്രാമവാസിയായിരുന്നു നസീർ. 2004 ലാണ് ഇദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ 162 ബറ്റാലിയനിൽ ചേരുന്നത്. മികച്ച സേവനത്തിന് 2007 ഓഗസ്റ്റിൽ ധീരതയ്ക്കുളള മെഡൽ സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook