ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ( സിബിഐ) എന്ന , ഇന്ത്യയിലെ പ്രധാന അഴിമതി വിരുദ്ധ ഏജൻസി, കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ആരുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നു എന്നതിന് നിരവധി പരിഹാസപദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പണ്ട് കോൺഗ്രസ് കാലത്ത് “കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ”, “കൂട്ടിലടച്ച തത്ത” എന്നീ കുപ്രസിദ്ധ പ്രയോഗങ്ങളായിരുന്നു സിബിഐയുടെ പരിഹാസപ്പേരെങ്കിൽ ഇന്നത് ബിജെപിയുടെ “ജമായ്” (മരുമകൻ) ത്രിമൂർത്തികളിൽ ഒന്ന് (ആദായ നികുതി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് മറ്റ് രണ്ട് സ്ഥാപനങ്ങൾ) – മാറിയിരിക്കുന്നു.
കഴിഞ്ഞ 18 വർഷത്തിനിടെ, കോൺഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകളുടെ കാലത്ത്, സിബിഐ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ, റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത 200 ഓളം പ്രധാന രാഷ്ട്രീയക്കാരിൽ 80 ശതമാനത്തിലധികം പ്രതിപക്ഷ നിരയിൽ നിന്നുള്ളവരാണെന്നതിൽ അതിശയിക്കാനൊന്നുമില്ല. 2014-ൽ എൻഡിഎ അധികാരമേറ്റതിനുശേഷം പ്രകടമായ കാര്യം ഇത് കുത്തനെ കൂടുന്നു എന്നതാണ് കോടതി രേഖകളുടെയും ഔദ്യോഗിക രേഖകളുടെയും ഏജൻസി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ 2004 മുതൽ 2014 വരെയുള്ള 10 വർഷത്തെ ഭരണത്തിൽ കുറഞ്ഞത് 72 രാഷ്ട്രീയ നേതാക്കളെങ്കിലും സിബിഐ അന്വേഷണ പരിധിക്ക് കീഴിൽ വന്നു. അവരിൽ 43 പേർ (60 ശതമാനം) പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ രണ്ടിന്റെ (എൻഡിഎ ഒന്ന് വാജ്പേയ് പ്രധാനമന്ത്രിയായ സർക്കാർ എൻഡിഎ രണ്ട്- നരേന്ദ്രമോദി പ്രധാനമന്ത്രിയായ സർക്കാർ) എട്ട് വർഷത്തെ ഭരണത്തിന് കീഴിൽ, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ശക്തി ശോഷിച്ചു, ഈ കാലയളവിൽ 124 പ്രമുഖ നേതാക്കളെങ്കിലും സിബിഐ അന്വേഷണം നേരിട്ടിട്ടുണ്ട്, അവരിൽ 118 പേർ പ്രതിപക്ഷത്തുനിന്നുള്ളവരാണ് – അതായത് 95 ശതമാനം.
യുപിഎ കാലത്തെന്ന പോലെ, എൻഡിഎ കാലത്തും ഏതെങ്കിലും ഒരു നേതാവ് ഭരണപക്ഷത്തേക്ക് മാറുമ്പോൾ, അദ്ദേഹത്തിനെതിരായ സിബിഐ കേസ് കാണാമറയത്താകും.
യുപിഎയിൽ നിന്നുള്ള 72 പേരുടെയും എൻഡിഎയിൽ നിന്നുള്ള 124 നേതാക്കളുടെയും മുഴുവൻ പട്ടികയും സമാഹരിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിബിഐ അവർക്കെതിരെ നടപടി ആരംഭിച്ചപ്പോൾ അവർ വഹിച്ചിരുന്ന പദവികൾക്കൊപ്പം അവർ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ കീഴിലാണ് നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രവണതയെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ചോദ്യത്തോട് സിബിഐ പ്രതികരിച്ചില്ല, എന്നാൽ സിബിഐയിലെ ഒരു ഉദ്യോഗസ്ഥൻ ഇതിനെ “വെറും യാദൃച്ഛികം” എന്നാണ് വിശേഷിപ്പിക്കുകയും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കുന്നു എന്നതിനെ നിഷേധിക്കുകയും ചെയ്തു.
എന്തൊക്കെയായാലും, കേസ് പട്ടികയിലെ പ്രധാന പാറ്റേണുകൾ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.
* 2-ജി സ്‌പെക്‌ട്രം കേസ് മുതൽ കോമൺവെൽത്ത് ഗെയിംസ്, കൽക്കരിപ്പാടം അനുവദിക്കൽ തുടങ്ങിയ നിരവധി അഴിമതികൾ യുപിഎ ഭരണത്തെ പിടിച്ചുലച്ച സാഹചര്യത്തിൽ, 2004 മുതൽ 2014 വരെ സിബിഐ അന്വേഷിച്ച 72 പ്രധാന നേതാക്കളിൽ 29 പേരും കോൺഗ്രസിൽ നിന്നോ ഡിഎംകെപോലുള്ള സഖ്യകക്ഷികളിൽ നിന്നോ ഉള്ളവരാണ്.
* എൻഡിഎ -II-ന് കീഴിൽ, എൻഡിഎ ഇതര കക്ഷികളെ മുക്കിക്കിടത്തുമ്പോൾ ബിജെപിയുടെ വെറും ആറ് നേതാക്കൾ സിബിഐ അന്വേഷണം നേരിടുന്നത്.
* യുപിഎ കാലത്ത് സിബിഐ അന്വേഷണം നേരിട്ട 43 പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും വലിയ പങ്ക് ബിജെപിക്കായിരുന്നു. അവരുടെ 12 നേതാക്കളെ ചോദ്യം ചെയ്തു, റെയ്ഡ് ചെയ്തു, അറ്സ്റ്റ് ചെയ്തു. സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നാരോപിച്ച് അന്ന് ഗുജറാത്ത് മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ അന്വേഷണ പരിധിയിൽ വന്നു. ബെല്ലാരി ഖനി വ്യവസായി ഗാലി ജനാർദൻ റെഡ്ഡിയും മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസും. 2012ൽ 2ജി സ്‌പെക്‌ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ പ്രമോദ് മഹാജന്റെ മരണശേഷവും സിബിഐ അന്വേഷണം തുടർന്നു.

* 2014 മുതൽ എൻഡിഎ-II-ന്റെ കീഴിൽ, രാഷ്ട്രീയ നേതാക്കൾക്കെതിരായ സിബിഐ അന്വേഷണം തകൃതിയായി. അന്വേഷണം നേരിടുന്ന 118 പ്രതിപക്ഷ നേതാക്കളിൽ തൃണമൂൽ കോൺഗ്രസ് (30), കോൺഗ്രസ് (26) എന്നിവരാണ് മുന്നിൽ. ഇതിന് പുറമെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തുടങ്ങിയ പ്രമുഖ കോൺഗ്രസ് രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളും സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നു.
* തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ശാരദ ചിട്ടി ഫണ്ട് കേസും നാരദ സ്റ്റിങ് ഓപ്പറേഷൻ കേസും സിബിഐയുടെ നിരീക്ഷണത്തിന് കീഴിൽ വരുന്ന പ്രധാന രാഷ്ട്രീയ നേതാക്കളുടെ പട്ടികയുടെ കാര്യത്തിൽ വലിയ പാർട്ടിയാക്കി മാറ്റി. “സ്‌കൂൾ ജോലിക്ക് പണം വാങ്ങിയെന്ന” കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ടിഎംസി മന്ത്രി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ്. അതിർത്തി കടന്നുള്ള പശുക്കടത്ത് റാക്കറ്റിലെ പങ്ക് ആരോപിച്ച് തൃണമൂൽ നേതാവ് അനുബ്രത മൊണ്ടലിനെയും അറസ്റ്റ് ചെയ്തു.
* ഈ രണ്ട് (തൃണമൂലും കോൺഗ്രസും) പാർട്ടികൾക്ക് ശേഷം, ഏറ്റവും കൂടുതൽ അന്വേഷണം നേരിടുന്നത് ആർജെഡി, ബിജെഡി നേതാക്കളാണ്. ആർജെഡിയിൽ നിന്നും ബിജെഡിയിൽ നിന്നും 10 പേർ വീതം അന്വേഷണം നേരിടുന്നവരാണ്. രസകരമെന്ന് പറയട്ടേ, ഈ രണ്ട് പ്രതിപക്ഷ പാർട്ടികളും യഥാക്രമം ബിഹാറിലും ഒഡീഷയിലും അധികാരത്തിലാണ്.
* മോദി സർക്കാരിന് കീഴിൽ സിബിഐ അന്വേഷണം നേരിടുന്ന പ്രതിപക്ഷ പാർട്ടി തിരിച്ചുള്ള പ്രമുഖ നേതാക്കളുടെ എണ്ണം: ടിഎംസി (30), കോൺഗ്രസ് (26), ആർജെഡി (10), ബിജെഡി (10), വൈഎസ്ആർസിപി (6), ബിഎസ് പി (5), ടിഡിപി (5), എഎപി (4). ), എസ് പി (4), എഐഎഡിഎംകെ (4), സിപിഎം (4), എൻസിപി (3), എൻസി (2), ഡിഎംകെ (2), പിഡിപി (1), ടിആർഎസ് (1), സ്വതന്ത്രൻ (1).

ഈ കണക്കുകൾക്കപ്പുറം, യുപിഎയുടെയും എൻഡിഎ-രണ്ടിന്റെയും കീഴിലുള്ള സിബിഐയുടെ റെയ്ഡ് നടത്തിയ സമയം ഈ കാലത്തെല്ലാം പാർലമെന്റിനകത്തും പുറത്തും അതത് സമയങ്ങളിലെ പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
2013ൽ, യുപിഎ വിട്ടുകൊണ്ടുള്ള ഡിഎംകെ തീരുമാനം നടപ്പിലായി രണ്ട് ദിവസത്തിന് ശേഷം, ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി നേതാവും നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. അക്കാലത്തെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റെയ്ഡിന് ഒരു മാസം മുമ്പ് 33 കാറുകൾ ഉൾപ്പെട്ട കേസിനെക്കുറിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സിബിഐക്ക് വിവരം നൽകിയിരുന്നു – എന്നാൽ ഡിഎംകെ കോൺഗ്രസുമായുള്ള സഖ്യം തകർന്നതിന് ശേഷം മാത്രമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
അതുപോലെ, കഴിഞ്ഞ മാസം, ബിജെപി ബന്ധം ഉപേക്ഷിച്ച ജെഡിയു ആർജെഡിയുമായി ചേർന്ന് രൂപീകരിച്ച സർക്കാർ വിശ്വാസവോട്ട് തേടുന്ന ദിവസം ബിഹാറിലെ നിലവിലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആർജെഡി നേതാക്കളുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
യുപിഎ ഭരണകാലത്ത്, സഖ്യകക്ഷികളെ ഭീഷണിപ്പെടുത്താൻ സിബിഐയെ “ദുരുപയോഗം” ചെയ്തതായി ആരോപണമുയർന്നിരുന്നു. 2007ൽ എസ്‌പി നേതാവും യുപിയിലെ മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനും കുടുംബത്തിനുമെതിരെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ പ്രാഥമിക അന്വേഷണം (പിഇ) നടന്നിരുന്നു. ഒരു വർഷത്തിനുശേഷം, യുഎസ് ആണവ കരാറിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിന് ശേഷം യുപിഎ സഖ്യത്തെ ഭരണം തുടരാൻ എസ്‌പിയുടെ പിന്തുണ സഹായിച്ചു. 2013 ആയപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസ് അവസാനിപ്പിച്ചു.
എൻഡിഎ-II-ന് കീഴിൽ, 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ എഎപിക്കെതിരായ സിബിഐയുടെ നടപടി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 2015ൽ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിന്റെ ഓഫീസുകളിൽ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.

2017ലെ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ സിബിഐ ഒന്നിലധികം അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം, ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെ സിബിഐ കേസെടുത്ത് അദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്തു.
എൻഡിഎ-II-ന് കീഴിൽ, ഭരണകക്ഷിയുടെ മുതിർന്ന നേതാക്കൾക്കെതിരായ മുൻകാല കേസുകളിൽ അന്വേഷണ ഏജൻസി മൃദുസമീപനം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസിൽ അമിത് ഷായെ പ്രത്യേക കോടതി വിട്ടയച്ചതിനെതിരെ സിബിഐ അപ്പീൽ നൽകിയില്ല. ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിൽ അസമിൽ നിന്നുള്ള അന്നത്തെ കോൺഗ്രസ് നേതാവ് ഹിമന്ത ബിശ്വ ശർമ്മയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഏജൻസി റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ശർമ്മ ബിജെപിയിൽ ചേർന്നതിന് ശേഷം ഒരു നടപടിയും ഉണ്ടായില്ല. ശർമ്മ നിലവിൽ അസം മുഖ്യമന്ത്രിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രധാന നേതാവുമാണ്.
2021 മേയ് മാസത്തിൽ, നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പശ്ചിമ ബംഗാൾ നേതാക്കളായ സുവേന്ദു അധികാരി, മുകുൾ റോയി എന്നിവരെ തൃണമൂൽ നേതാക്കൾക്കൊപ്പം പ്രതികളാക്കിയില്ല. മാത്രമല്ല, കേസിൽ പ്രോസിക്യൂഷന് അനുമതി തേടി ലോക്‌സഭാ സ്പീക്കർക്ക് ഏജൻസി അയച്ച പട്ടികയിൽ റോയിയുടെ പേര് ഉണ്ടായില്ല. അപ്പോഴേക്കും റോയിയും അധികാരിയും ബിജെപിയിൽ ചേരുകയും ആ വർഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിൽ ബിജെപിയിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. റോയ് പിന്നീട് ടിഎംസിയിലേക്ക് മടങ്ങി.
ഇന്ത്യൻ എക്സ്‌പ്രസ്സിനോട് സംസാരിച്ച സിബിഐ ഉദ്യോഗസ്ഥൻ, ഏജൻസി പ്രതിപക്ഷ നേതാക്കളെ “തിരഞ്ഞ് പിടിച്ച് ലക്ഷ്യമിടുന്നു”വെന്ന കാര്യം നിഷേധിച്ചു.
“ധാരളം കേസുകൾ കോടതി ഉത്തരവ് പ്രകാരം ഞങ്ങൾ അന്വേഷിക്കുന്നതാണ്. എൻസിപിയുടെ അനിൽ ദേശ്‌മുഖിനെതിരായ കേസായാലും ശാരദ, നാരദ കേസായാലും പാർത്ഥ ചാറ്റർജിയെപ്പോലുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസായാലും പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് അക്രമക്കേസായാലും എല്ലാത്തിനും കാരണമായ കോടതി ഉത്തരവുകളുണ്ട്. രാഷ്ട്രീയക്കാർക്കെതിരായി സംസ്ഥാന സർക്കാരുകൾ ധാരാളം കേസുകൾ സിബിഐയെ ഏൽപ്പിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസി എന്ന നിലയിൽ, സംസ്ഥാന സർക്കാരോ കേന്ദ്രമോ നൽകുന്ന നിയമാനുസൃതമായ നിർദേശങ്ങളും കോടതി ഉത്തരവുകളും പാലിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഏത് ഭരണത്തിൻ കീഴിലും പ്രതിപക്ഷ നേതാക്കളുടെ ആനുപാതികമല്ലാത്ത പങ്ക് കേവലം യാദൃച്ഛികം മാത്രമാണ്,” ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.