ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ അധ്യക്ഷതയിൽ പ്രത്യേക ബെഞ്ച് അടിയന്തര സിറ്റിങ് ചേർന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര്യത്തെ ബാധിക്കുന്ന പൊതുതാൽപര്യമുളള പ്രധാന വിഷയം ചർച്ച ചെയ്യാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഇന്നു രാവിലെ 10.30 ന് അടിയന്തര സിറ്റിങ് ചേർന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വിഷയം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതി അധികാരികൾക്കു മുൻപാകെ പരാമർശിച്ച സാഹചര്യത്തിലാണ് പ്രത്യേക ബെഞ്ച് സിറ്റിങ് ചേരാൻ തീരുമാനിച്ചത്. അടിസ്ഥാനരഹിതവും വിശ്വാസയോഗ്യവുമല്ലാത്ത ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി സെക്രട്റി ജനറൽ സഞ്ജീവ് സുധാകർ കൽഗോങ്കർ പറഞ്ഞു.
അവിശ്വസനീയമായ ആരോപണമാണ് ഇതെന്ന് നിസംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സിറ്റിങ് ജഡ്ജിമാർക്ക് യുവതിയുടെ പരാതി കത്ത് ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.