മോസ്കോ: സൈബീരിയയില്‍ തടാകത്തിന്റെ കരയില്‍ നിന്നും മത്സ്യത്തൊഴിലാളി 54 കൈപ്പത്തികള്‍ കണ്ടെത്തി. ഖബാരോസ്കിലെ അമൂര്‍ നദിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നയാളാണ് മുറിച്ച് മാറ്റിയ കൈപ്പത്തികള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തി കണ്ടാണ് ഇയാള്‍ പരിശോധിച്ചത്.

മരം കൊണ്ട് കൊത്തിയെടുത്ത ശില്‍പം ആയിരിക്കുമെന്നാണ് ഇദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോഴാണ് 54 കൈപ്പത്തികള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് ജനം തടിച്ചുകൂടി. കൂട്ടക്കൊലപാതകത്തിന് ശേഷം കൈപ്പത്തികള്‍ വെട്ടിമാറ്റിയത് ആയിരിക്കാമെന്നാണ് പ്രചരണം ഉണ്ടായത്. എന്നാല്‍ റഷ്യന്‍ അന്വേഷണ വിഭാഗം ഇത് നിഷേധിച്ച് രംഗത്തെത്തി. ഖബാറോസ്കിലെ ഏതെങ്കിലും ഫോറന്‍സിക് പരിശോധനാ ലാബില്‍ നിന്ന് ഉപേക്ഷിച്ചതാകാം ഈ ബാഗെന്ന് റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ വിഭാഗം വ്യക്തമാക്കി. ഇത്തരത്തില്‍ അവയവങ്ങള്‍ ഉപേക്ഷിക്കുന്നത് നിയമപരമല്ലെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ എന്തിന് വേണ്ടിയാണ് മൃതദേഹത്തില്‍ നിന്നും കൈപ്പത്തികള്‍ വെട്ടി മാറ്റിയതെന്ന് വ്യക്തമല്ല. അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളില്‍ നിന്നും കൈപ്പത്തി വെട്ടിമാറ്റാറുണ്ടെന്ന് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് മൃതദേഹം അടക്കം ചെയ്താലും വിരലടയാളത്തിന്റെ സഹായത്തോടെ ആളെ തിരിച്ചറിയാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സാധാരണയായി ഫിംഗര്‍ പ്രിന്റ് ഡിജിറ്റലായിട്ടാണ് സൂക്ഷിക്കാറുളളത്. അല്ലാതെ കൈ മുഴുവനായി സൂക്ഷിച്ച് വെക്കാറില്ലെന്നത് ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. കൈപ്പത്തികള്‍ക്ക് അരികില്‍ നിന്നും മെഡിക്കല്‍ ബാന്റേജുകളും പ്ലാസ്റ്റ്ക് കവറുകളും കണ്ടെത്തി. ഏതെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ഇതെന്ന് സൂചന നല്‍കുന്നതാണ് ഈ തെളിവുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ