തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെട്ടു. റെയില്‍പാളത്തില്‍ കിടന്ന യുവാവിനെയാണ് പുനലൂര്‍-മധുരൈ പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് സി.സുരേഷ് കുമാര്‍ രക്ഷപ്പെടുത്തിയത്. ട്രെയിന്‍ മുരുക്കമ്പുഴ റെയില്‍വേ സ്റ്റേഷന് അരികില്‍ എത്തിയപ്പോഴാണ് യുവാവ് റെയില്‍പാളത്തില്‍ കിടക്കുന്നത് ലോക്കോ പൈലറ്റ് സുരേഷിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ യുവാവ് ട്രെയിന്റെ എഞ്ചിനു താഴെ കുടുങ്ങി. എന്നാല്‍, ഗുരുതര പരുക്കുകളൊന്നും പറ്റിയില്ല. എഞ്ചിന് ഇടയില്‍ കുടുങ്ങിയ യുവാവിനെ പിന്നീട് പുറത്തേക്ക് എടുക്കുകയായിരുന്നു.

അഭിലാഷ് എന്ന് പേരുള്ള യുവാവാണ് റെയില്‍പാളത്തില്‍ കിടന്നത്. മദ്യപിച്ച ശേഷം കുപ്പി കളയാന്‍ റെയില്‍പാളത്തിനടുത്ത് എത്തിയതാണ് യുവാവ്. ലോക്കോ പൈലറ്റ് അടിയന്തരമായി ഇടപെട്ടതുകൊണ്ട് ഒരു ജീവന്‍ രക്ഷപ്പെടുകയായിരുന്നു.

റെയില്‍പാളത്തില്‍ ഏറെ ജീവനുകള്‍ പൊലിയുന്നതായി ദക്ഷിണ റെയില്‍വേ പറയുന്നു. കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം ഡിവിഷനില്‍ 322 പേരാണ് 2018 ല്‍ മരിച്ചത്. 2016 പകുതിയാകുമ്പോള്‍ എണ്ണം 211 ആയിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ റെയില്‍വേ സ്വീകരിക്കുന്നതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook