അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. ഇരുകൂട്ടര്‍ക്കും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് എബിപി ന്യൂസ് – സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി ന്യൂസ് – സിഎസ്ഡിഎസ് സര്‍വ്വേ ഫലം പുറത്തു വന്നിരിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ ഫലം. 43 ശതമാനം വീതം വോട്ട് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുമെന്ന് പറയുന്ന സര്‍വ്വേ ഫലം ഭൂരിപക്ഷം ബിജെപിക്കാകുമെന്നും പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് 82 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ബിജെപി 95 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. തെക്കന്‍ ഗുജറാത്തിലൊഴികെയുള്ള പ്രദേശങ്ങളിലെ റൂറല്‍ മേഖലകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കും. എന്നാല്‍ അര്‍ബന്‍ മേഖലകളെല്ലാം ബിജെപിക്കൊപ്പമാണ്. മോദി പ്രചാരണത്തിനെത്തിയിട്ടില്ലാത്ത വടക്കന്‍ ഗുജറാത്തിലാണ് കോണ്‍ഗ്രസിന് വലിയ മേധാവിത്വം നിലവിലുള്ളത്.

തെക്കന്‍ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് 11 ശതമാനം വോട്ട് അധികം നേടും. 42 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിക്കുക. 40 ശതമാനം വോട്ട് കിട്ടുന്ന ബിജെപിക്ക് ഒമ്പത് ശതമാനം വോട്ടിന്റെ കുറവുണ്ടാകും. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന വടക്കന്‍ ഗുജറാത്തില്‍ പാര്‍ട്ടിക്ക് 49 ശതമാനം വോട്ടും ബിജെപിക്ക് 45 ശതമാനം വോട്ടും പ്രവചിക്കുന്നു. ഇവിടെ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

മധ്യഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 ശതമാനവും ബിജെപിക്ക് 41 ശതമാനവും വോട്ട് ലഭിച്ചേക്കും. ഇവിടെ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 13 ശതമാനം വോട്ട് നഷ്ടമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് അധികം ലഭിക്കും.

സൗരാഷ്ട്ര – കച്ച് മേഖലകളില്‍ ബിജെപി ശക്തമായ നിലയിലാണ്. ജിഎസ്ടിയും പട്ടേല്‍ പ്രക്ഷോഭവുമാണ് വിധിനിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്. അതേസമയം, ഹാര്‍ദിക് പട്ടേലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവുണ്ടായതായും സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ 64 ശതമാനമുണ്ടായിരുന്ന പിന്തുണയില്‍ 6 ശതമാനത്തിന്റെ ഇടിവുണ്ടായതായി സര്‍വ്വേ ഫലം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ