ന്യൂഡൽഹി: ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും വിജയത്തിന് പിന്നാലെ, ഒരു പുതിയ ഇന്ത്യ ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമായിരിക്കും പുതിയ ഇന്ത്യയുടെ മുഖമുദ്രയെന്നും 125 കോടി ഇന്ത്യാക്കാരുടെ ശക്തിയും നൈപുണ്യവും ചേർന്നുള്ളതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ആം വാർഷികം 2022ൽ ആഘോഷിക്കുന്പോൾ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സർദാർ വല്ലഭായി പട്ടേലിനും ഡോ.അംബേദ്കറിനും അഭിമാനിക്കാവുന്ന തരത്തിലുള്ള ഇന്ത്യയെ നിർമിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. 125 കോടി ജനങ്ങളുടെ ഐക്യത്തിൽ ബിജെപി വിശ്വസിക്കുന്നു. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരാണ് ഈ ചരിത്ര വിജയത്തിന്രെ ശിൽപ്പികളെന്നും നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച അമിത് ഷായ്ക്കും പ്രചരണങ്ങൾക്ക് നേത്രത്വം നൽകിയ പാർട്ടി നേതാക്കളെയും മോദി അഭിനന്ദിച്ചു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചത്. ഗോവയിൽ കോൺഗ്രിനേക്കാൾ നേരിയ വ്യത്യാസത്തിലെങ്കിലും ബിജെപിയാണ് മുന്നിട്ട് നിന്നത്. മണിപ്പൂരിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ഭരണത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള ഭൂരിപക്ഷത്തിലേക്കും ബിജെപി എത്തിയിരിക്കുകയാണ്. എന്നാൽ ബിജെപി ഭരിച്ചിരുന്ന പഞ്ചാബിൽ വിജയം ആവർത്തിക്കാൻ ബിജെപിക്ക് ആയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ