scorecardresearch

നിരവധി പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്, പലർക്കും പറയാനുള്ള ധൈര്യമില്ല: സാക്ഷി മാലിക്

സംഭവം നടന്ന് വർഷങ്ങൾക്കുശേഷം പെൺകുട്ടികൾ പരാതി നൽകിയത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിനും സാക്ഷി മറുപടി നൽകി

സംഭവം നടന്ന് വർഷങ്ങൾക്കുശേഷം പെൺകുട്ടികൾ പരാതി നൽകിയത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിനും സാക്ഷി മറുപടി നൽകി

author-image
Nihal Koshie
New Update
Sakshi Malik, wrestlers, ie malayalam

ഗുസ്തി താരങ്ങളുടെ സമരം

ന്യൂഡൽഹി: നിരവധി പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും രക്ഷിതാക്കൾ എതിർക്കുമെന്നോ സമൂഹം അറിയുമോയെന്നോ ഉള്ള ഭയം മൂലം പലരും തുറന്നു പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും സാക്ഷി മാലിക്. പരാതി നൽകിയ ഏഴു പെൺകുട്ടികളെയും അവരുടെ കുടുംബം പിന്തുണച്ചു. എല്ലാവർക്കും അത് കിട്ടണമെന്നില്ല. എന്നാൽ, പൊലീസിൽ പരാതി നൽകാത്തവരും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. പൊലീസിൽ പരാതി നൽകുകയെന്നത് ഒരു പെൺകുട്ടിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും റിയോ ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment

സംഭവം നടന്ന് വർഷങ്ങൾക്കുശേഷം പെൺകുട്ടികൾ പരാതി നൽകിയത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിനും സാക്ഷി മറുപടി നൽകി. ''ബസുകളിൽ യാത്ര ചെയ്യുമ്പോഴും സ്കൂളിൽവച്ചും നിരവധി പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുണ്ട്. പക്ഷേ, പെൺകുട്ടികൾക്ക് അത് പെട്ടെന്നു പറയാനുള്ള ധൈര്യമില്ല. അവർ വളർന്ന് എന്താണ് നടന്നതെന്ന തിരിച്ചറിവ് കിട്ടുമ്പോൾ മാത്രമാണ് പുറത്തു പറയാനുള്ള ധൈര്യം കാണിക്കുന്നത്. ഗുസ്തി താരങ്ങൾക്കും അതിനുള്ള ധൈര്യം കിട്ടിയപ്പോൾ, അവർ തുറന്നു പറഞ്ഞു. ബ്രിജ് ഭൂഷനെപ്പോലുള്ള ശക്തനും നല്ല സ്വാധീനവുമുള്ള ഒരാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നു പറയാൻ വളരെയധികം ധൈര്യം ആവശ്യമാണ്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിതെന്ന് ഞങ്ങൾ തീരുമാനിച്ചു.''

''പരാതി നൽകിയ പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ജനന തീയതിയിൽ മാറ്റം വരുത്താൻ പഠിക്കുന്ന സ്കൂളിൽ ഒരു ശ്രമമുണ്ടായി. പെൺകുട്ടി പ്രായപൂർത്തിയായെന്ന് തെളിയിച്ചാൽ പോസ്കോയ്ക്കു കീഴിൽ കേസെടുക്കാനാവില്ല. മറ്റു പെൺകുട്ടികൾക്കും ചില ഫോൺ കോളുകൾ വന്നു,'' പൊലീസിൽ പരാതി നൽകിയതിനുശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സാക്ഷി മറുപടി പറഞ്ഞു.

പരാതിക്കാരായ പെൺകുട്ടികളിൽനിന്നും അന്വേഷണ കമ്മിറ്റി ആവശ്യപ്പെട്ടത് എന്താണെന്നതിനെക്കുറിച്ചും സാക്ഷി സംസാരിച്ചു. അവർ ചിത്രങ്ങളോ ശബ്ദ റെക്കോർഡിങ്ങോ പോലുള്ള തെളിവുകൾ ആവശ്യപ്പെട്ടു. അത്തരമൊരു സംഭവം നടക്കുമെന്ന് ആരും മുൻകൂട്ടി കരുതുന്നില്ലല്ലോ എന്നാണ് പെൺകുട്ടികൾ മറുപടി നൽകിയത്. പീഡിപ്പിക്കപ്പെടുമെന്ന് മുൻകൂട്ടി അറിയാവുന്ന ഒരു സ്ഥലത്തേക്ക് ഏതെങ്കിലും സ്ത്രീ പോകാൻ തയ്യാറാകുമോ?. താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു സ്ത്രീ മൊഴി നൽകിയാൽ അത് അവൾ തെളിവ് നൽകുന്നത് പോലെയാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന തെറ്റായ മൊഴി നൽകില്ല. പൊലീസിന്റെ ഭാഗത്തുനിന്നും സത്യസന്ധമായ അന്വേഷണം ഉണ്ടാകുമെന്ന് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു.

Advertisment

കേസുകളിൽ പൊലീസ് അന്വേഷണം വേഗത്തിലല്ലെന്നും സാക്ഷി വ്യക്തമാക്കി. ''ഏപ്രിൽ 21 നാണ് പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആറു ദിവസം വേണ്ടിവന്നു. ഏപ്രിൽ 28 കഴിഞ്ഞ് ഇപ്പോൾ മേയ് 17 ആയി. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു. ആരോപണവിധേയൻ വളരെ ശക്തനാണ്. അതിനാൽ തന്നെ പൊലീസിനു മേൽ സമ്മർദം ഉണ്ടാകും.''

ഗുസ്തി ഫെഡറേഷൻ ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൻ അറസ്റ്റിലായില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച മെഡലുകളും അവാർഡുകളും തിരികെ നൽകുമോയെന്ന ചോദ്യത്തിന്, ''ഇന്ത്യൻ സർക്കാരാണ് ഞങ്ങൾക്ക് അവാർഡുകൾ നൽകിയത്. എന്നാൽ, നടപടി എടുത്തില്ലെങ്കിൽ ഈ അവാർഡുകളുടെ പ്രസക്തി എന്താണ്?. 25 ദിവസമായി ഞങ്ങൾ ജന്തർ മന്തറിൽ സമരത്തിലാണ്. ഞങ്ങൾ പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ലെങ്കിൽ (ബ്രിജ് ഭൂഷൻ അറസ്റ്റിലായില്ലെങ്കിൽ) ഈ മെഡലുകളും അവാർഡുകളും കൊണ്ട് എന്ത് നേട്ടം എന്നായിരുന്നു സാക്ഷിയുടെ മറുപടി.

Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: