മുംബൈ: ‘ഒരു ബുളളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങാന്‍ തയ്യാറെടുക്കുന്ന നഗരത്തിലാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ സുരക്ഷ ഇല്ലാത്ത റെയില്‍വെ പാലം ഉളളത്’, മുംബൈ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളുടെ പ്രതികരണമായിരുന്നു ഇത്.

തിരക്കേറിയ എല്‍ഫിന്‍സ്റ്റണ്‍ റോഡും പാരല്‍ റെയില്‍വെ സ്റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം എല്ലായ്പ്പോഴും താങ്ങാവുന്നതിലും കൂടുതല്‍ യാത്രക്കാരെ കൊണ്ട് നിറയാറുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം ഉണ്ടാവാനുളള സാധ്യത മുന്നില്‍ കണ്ട് നിരന്തരം മുന്നറിയിപ്പുകളും നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനേയും ടാഗ് ചെയ്ത് പലരും മുമ്പ് ആശങ്ക ട്വീറ്റുകളിലൂടെ പങ്കു വെക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് പ്രകാരം 100ല്‍ കൂടുതല്‍ ട്വീറ്റുകളാണ് പാലത്തില്‍ അപകടം നടക്കാനുളള സാധ്യത ആശങ്കയായി പങ്കുവെച്ചിരുന്നത്. അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട ട്വീറ്റുകള്‍ പരിഗണിച്ചിരുന്നെങ്കില്‍ ഇന്ന് 22 ജീവനുകള്‍ പൊലിയില്ലായിരുന്നു.

നേരത്തേ ശിവസേനയുടെ പാര്‍ലമെന്റ് അംഗം അരവിന്ദ് സാവന്ത് സുരേഷ് പ്രഭുവിന് ഇത് സംബന്ധിച്ച് ഒരു വര്‍ഷം മുമ്പ് കത്തും അയച്ചിരുന്നു. എന്നാല്‍ നടപടി എടുക്കുമെന്ന് അറിയിച്ചതല്ലാതെ ഇതും പരിഗണിക്കപ്പെട്ടില്ല. അപകടം നടന്നതിന് പിന്നാലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. “നിങ്ങള്‍ക്ക് ബുളളറ്റ് ട്രെയിന്‍ പണിയാന്‍ പണമുണ്ട്. തകര്‍ന്ന് കിടക്കുന്ന റെയില്‍വെ പാലം നേരെയാക്കാന്‍ പണമില്ല. പാവപ്പെട്ട യാത്രക്കാരെ മരിക്കാനാണ് കേന്ദ്രം വിട്ടത്”, റാവത്ത് കുറ്റപ്പെടുത്തി.

ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അപകടം. കനത്ത മഴയ്ക്ക് പിന്നാലെ യാത്രക്കാര്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. തുടര്‍ന്ന് പലരും നിലത്ത് വീണു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ര്ട സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മരിച്ചവരുടെ കുടുംബത്തിന് നേരത്തെ അഞ്ചു ലക്ഷം രൂപയും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും ഗോയല്‍ ചികിത്സാ സഹാവും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ