ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കളളം പറയരുതെന്ന് എ.കെ.ആന്റണി. എൻആർസിക്ക് ആധാരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൻപിആർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദേശീയ ജനസംഖ്യ രജിസ്റ്ററി(എൻപിആർ)ന് ദേശീയ പൗരത്വ രജിസ്റ്ററു(എൻസിആർ)മായി ബന്ധമില്ലെന്നായിരുന്നു അമിത് ഷായുടെ വാദം.

പൗരത്വ രജിസ്റ്ററിന്‍റെ പേരിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇക്കാര്യം പാർലമെന്‍റിലോ മന്ത്രിസഭയിലോ ചർച്ചയായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞത് അടിസ്ഥാനരഹിതമാണ്. എൻആർസിയെക്കുറിച്ച് കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ട്. രാജ്യത്തെ സംഘർഷഭരിതമാക്കുന്ന, കലാപകലുഷിതമാക്കുന്ന ഈ നിയമനിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകരുത്. യാതൊരു കാരണവശാലും എൻആർസി നടപ്പാക്കില്ലെന്ന് നരേന്ദ്ര മോദിയും അമിത്​ ഷായും പ്രഖ്യാപിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

Read Also: നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? പൊതുമുതൽ നശിപ്പിച്ചവരോട് നരേന്ദ്ര മോദി

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ”രാജ്യവ്യാപകമായി നടപ്പാക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. ഇതുസംബന്ധിച്ച് മന്ത്രിസഭയിലോ പാര്‍ലമെന്റിലോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല,” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടും. ജനസംഖ്യാ റജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ല. എന്‍പിആറില്‍ പേരില്ലാത്തവര്‍ക്കു പൗരത്വം നഷ്ടമാകില്ല. എന്‍പിആറിലെ വിവരങ്ങള്‍ എന്‍ആര്‍സിയില്‍ ഉപയോഗിക്കില്ല. എന്‍പിആര്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്,” അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook