അഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി പെണ്‍കുട്ടി. ബുധനാഴ്ച ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സംഭവം. രാഹുലിന്റെ വാനില്‍ ചാടിക്കയറിയ പെണ്‍കുട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു. വാനില്‍ നിന്ന് ഇറങ്ങവേ പെണ്‍കുട്ടി വീഴാതിരിക്കാന്‍ രാഹുല്‍ കരുതല്‍ കാട്ടുകയും ചെയ്തു.

ബറൂച്ചില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിന്‍ നടത്തുകയായിരുന്നു രാഹുല്‍. വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആ പെണ്‍കുട്ടി ആരാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാംപെയിനിന് എത്തിയ രാഹുലിന് ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം ഇന്ന് കടന്നാക്രമണം നടത്തുകയും ചെയ്തു. വ്യവസായികള്‍ക്കാണ് രാജ്യത്ത് കാര്യങ്ങള്‍ എളുപ്പമായതെന്നും മുതലാളിത്ത സൗഹൃദ നടപടികളാണ് മോദി കൈക്കൊളളുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലവസരം ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജിഎസ്ടിയെ ‘ഗബ്ബര്‍ സിങ് ടാക്സ്’ എന്ന് വിശേഷിപ്പിച്ചത് പൂര്‍ണ അര്‍ത്ഥത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ മാനദണ്ഡ പ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 30 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നൂറാം സ്ഥാനം നേടിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ പാവങ്ങള്‍ വിലയിരുത്തിയതല്ല ഇതെന്നും വിദേശികളുടെ വിലയിരുത്തലിലാണ് മോദിയും സംഘവും പരസ്പരം അഭിനന്ദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

‘രാജ്യത്ത് വ്യാപാരം എളുപ്പമായിട്ടുണ്ടോ എന്ന് ചെറുകിട വ്യാപാരികളോട് ചോദിക്കണം. രണ്ട് ആഘാതങ്ങളായ ജിഎസ്ടിയും നോട്ട് നിരോധനവും വ്യാപാരികളെ നഷ്ടത്തിലേക്കാണ് എത്തിച്ചത്’. മോദിയുടെ വ്യവസായികള്‍ 28 ശതമാനം ജിഎസ്ടി അടക്കില്ല, പക്ഷെ സാധാരണക്കാരായ നിങ്ങള്‍ അടക്കേണ്ടി വരും’, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook