അഹിംസയില്‍ വിശ്വസിക്കുന്നവരുടെയും പശുവിനെ ദൈവമായി കണ്ട് ആരാധിക്കുന്നവരുടെയും നാടാണ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തരം വാദങ്ങളെ പൊളിച്ചടുക്കുകയാണ് ഒരു ഫ്രഞ്ച് കോമിക് പുസ്തകത്തില്‍ ചിത്രീകരിച്ചു വന്ന പുതിയ കാര്‍ട്ടൂണ്‍.

30 പേജ് വരുന്ന ഫ്രഞ്ച് കോമിക് പുസ്തകത്തിലാണ്, ബീഫ് കഴിക്കുന്നവരെയും കന്നുകാലി കശാപ്പുകാരെയും ഗോ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് തല്ലിക്കൊല്ലുന്ന അവസ്ഥയെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്ല്യം ഡി തെമാറിസാണ് പുസ്തകത്തിന്റെ സൃഷ്ടാവ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള ബീഫ് നിരോധനത്തിന്റെ ചരിത്രം ഹിന്ദുത്വ ദേശീയ വാദത്തിന്റെ വളര്‍ച്ച, അവയുടെ രാഷ്ട്രീയം ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ ഫ്രഞ്ച് ജനതക്ക് പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം.

‘സ്വയം ഒരു ഗോരക്ഷകന്‍ എന്നു വിശേഷിപ്പിക്കുന്ന വിജയകാന്ത് ചൗഹാനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നാണ് ഇത്തരം ഒരു ആശയം ലഭിച്ചത്’ എന്ന് തെമാറിസ് പറഞ്ഞു. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് തെമാറിസ് വിജയ്കാന്ത് ചൗഹാനെ കണ്ടത്. ഫ്രാന്‍സിലെ ജനങ്ങള്‍ കരുതുന്നത് ഇന്ത്യ ഗാന്ധിയുടെ നാടാണെന്നാണെന്നും അധികം താമസിയാതെ അത് മാറുമെന്നും തെമാറിസ് വ്യക്തമാക്കി.

മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലെ സാഹചര്യങ്ങളിലേക്കാണ് ഈ പുസ്തകം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.
