ന്യൂഡൽഹി: തർക്കഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന വിഷയം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിൽ രാമക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഹോംഗാർഡ്സ് ഡയറക്ടർ ജനറൽ സൂര്യകുമാർ ശുക്ല ലക്നോ സർവകലാശാലയിൽ നടന്ന ചടങ്ങിൽ പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാസ്ഗഞ്ചില്‍ 22കാരന് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.
ജനുവരി 28ന് ലക്നൗ സര്‍വകലാശാലയില്‍ ചിത്രീകരിച്ചതാണ് വീഡിയോ. ‘കഴിയുന്നതും വേഗത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഈ ചടങ്ങില്‍ നമ്മള് പ്രതിജ്ഞ ചെയ്യുന്നു’, എന്നാണ് ഡിജിപി അടക്കമുളളവര്‍ പ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങിൽ, രാമക്ഷേത്ര നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനായാണ് സൂര്യകുമാർ ശുക്ല ക്ഷണിക്കപ്പെട്ടത്. ഇതിനിടെയായിരുന്നു വിവാദ പ്രതിജ്ഞയെടുക്കൽ.
രാമക്ഷേത്ര നിർമാണത്തിനായി ഒരിക്കലും പ്രതിജ്ഞയെടുത്തിട്ടില്ലെന്നും സമുദായിക ഐക്യത്തിനായാണ് ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിയതെന്നും സൂര്യകുമാർ ശുക്ല പറഞ്ഞു. പുറത്തുവന്നിരിക്കുന്ന വീഡിയോ വിഷയത്തിൽനിന്ന് അടർത്തിമാറ്റിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.