/indian-express-malayalam/media/media_files/uploads/2023/06/Ambarish-Nag-Biswas.jpg)
അംബരീഷ് നാഗ് ബിശ്വാസിന്റെ എച്ച്എഎം റേഡിയോയാണ് സുന്ദർബൻസിൽ യുവതിയുടെ കുടുംബത്തെ കണ്ടെത്താൻ സഹായിച്ചത്. എക്സ്പ്രസ് ഫൊട്ടോ: പാർത്ഥ പോൾ
ശ്രീനഗർ: ഏകദേശം 12 വർഷങ്ങൾക്കു മുൻപ് മൊബൈൽ ഫോണിലെ സ്ക്രീനിലാണ് അവൾ തന്റെ അമ്മയെ ആദ്യമായി കണ്ടത്. 10 മിനിറ്റ് പോലും ദൈർഘ്യമില്ലാതിരുന്ന ആ വീഡിയോ കോളിൽ ഇരുവരും നിറകണ്ണുകളോടെ പരസ്പരം നോക്കി. ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, ഒടുവിൽ അവൾക്ക് അമ്മയെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞു. അവൾ അമ്മയെ ഇറുക്കെ കെട്ടിപ്പിടിച്ചു, നെറ്റിയിൽ ഉമ്മ വച്ചു.
''ഇരുവരും പരസ്പരം കണ്ടുമുട്ടിയതിനെക്കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഒരക്ഷരം പോലും മിണ്ടാതെ രണ്ടുപേരും ഏറെ നേരം കെട്ടിപ്പിടിച്ചുനിന്നു. വളരെ വൈകാരികമായ നിമിഷമായിരുന്നു,'' അവളുടെ ഭർത്താവ് പറഞ്ഞു.
സുന്ദർബൻസ് ഡെൽറ്റയിലെ ഒരു ഗ്രാമം മുതൽ ഹിമാലയൻ കശ്മീരിലെ ഒരു ഗ്രാമം വരെയുള്ള 2,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ഒരു പുനഃസമാഗമത്തിന്റെ കഥയാണിത്. ഒരു സ്ത്രീയുടെ 35 വയസുള്ള ഭാര്യാസഹോദരന്റെയും എച്ച്എഎം റേഡിയോ പ്രേമികളുടെയും പ്രയത്നമില്ലാതെ ഈ പുനഃസമാഗമം സാധ്യമാകുമായിരുന്നില്ല.
അവൾക്ക് 14 വയസ്സുള്ളപ്പോൾ അവളുടെ അമ്മാവൻ ഒരു കശ്മീരിയുമായി രഹസ്യമായി വിവാഹം നടത്തിയതായി അമ്മ പറഞ്ഞു. 12 വർഷം മുമ്പ് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബനിലെ തന്റെ വീട്ടിൽ നിന്ന് അവളെ കാണാതായി. മകളെ സ്വന്തം അമ്മാവൻതന്നെ കൊണ്ടുപോയതായി അറിഞ്ഞിരുന്നില്ലെന്ന് അവളുടെ അമ്മ പറയുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഒരു യുവാവുമായി അവളുടെ വിവാഹം നടത്തിയ ശേഷം അമ്മാവനെ കാണാതായി. അമ്മാവൻ അവളുടെ അമ്മായിയമ്മയുടെ വിലാസത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചില്ല. അവളുടെ ഭർത്താവിന് സുന്ദർബൻസിലെ വിലാസം അപൂർണമായി നൽകി.
അജ്ഞാതരായ ആളുകൾ, അജ്ഞാതമായ സ്ഥലം, അജ്ഞാത ഭാഷ എന്നിങ്ങനെ തനിക്കു ചുറ്റുമുള്ള അജ്ഞാത ലോകത്തിൽ പുതിയ ജീവിതം തുടങ്ങാൻ അവൾ ഈ വർഷങ്ങളിലെല്ലാം ശ്രമിച്ചു. പക്ഷേ, അവൾ ദുഃഖിതയായിരുന്നുവെന്ന് അവളുടെ ഭാര്യാ സഹോദരൻ പറഞ്ഞു.
''എന്റെ സഹോദരൻ അവളെ വിവാഹം കഴിക്കുന്ന സമയത്ത് അവളുടെ പ്രായമെന്തെന്ന് അമ്മാവനോട് ചോദിച്ചിരുന്നു. 19 വയസെന്നാണ് അയാൾ പറഞ്ഞത്. ചെറുപ്രായത്തിലുള്ള അവൾ പശ്ചിമബംഗാളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള കശ്മീരിലെ ഒരു പ്രദേശത്ത് വിവാഹിതയായി ജീവിച്ചു. വീട്ടിൽ എപ്പോഴും അവൾ ദുഃഖിതയായിരുന്നു. എന്റെ സഹോദരിമാർ അമ്മയെ വിളിക്കുമ്പോൾ എനിക്ക് ഇത് പ്രത്യേകിച്ച് മനസിലായി. അവർ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ എനിക്ക് സങ്കടം കാണാമായിരുന്നു. ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാൻ അവളുടെ മാതാപിതാക്കളെ അന്വേഷിക്കാൻ തുടങ്ങി,'' ഭാര്യാ സഹോദരൻ പറഞ്ഞു.
2017 ലാണ് അവളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങുന്നത്. ''എനിക്ക് ഒരു പേര് മാത്രമേ അറിയാമായിരുന്നുള്ളൂ- മാധവ്പൂർ. അവളുടെ കുടുംബം പശ്ചിമ ബംഗാളിലെ മാധവ്പൂരിലാണ് താമസിക്കുന്നതെന്ന് അമ്മാവൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഞാൻ ഇന്റർനെറ്റിൽ തിരയാൻ തുടങ്ങി, സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. പശ്ചിമ ബംഗാളിൽ മാത്രം മാധവ്പൂർ എന്ന പേരിലുള്ള നിരവധി സ്ഥലങ്ങളുണ്ടായിരുന്നു. ഞാൻ ഇവിടെയുള്ള ലോക്കൽ പൊലീസിനെ സമീപിച്ചു. രണ്ട് നാട്ടുകാരെ ചോദ്യം ചെയ്യാൻ അവരോട് ആവശ്യപ്പെട്ടു. അവർ പശ്ചിമ ബംഗാളിലെ അവളുടെ വിലാസം കണ്ടെത്താൻ അവളുടെ അമ്മാവനുമായി മീറ്റിങ് സംഘടിപ്പിച്ചു, പക്ഷേ അതൊരു ഫലവും നൽകിയില്ല,'' ഭാര്യാസഹോദരൻ വ്യക്തമാക്കി.
''പിന്നീട്, ഫെയ്സ്ബുക്കിലൂടെ പശ്ചിമബംഗാളിൽനിന്നുള്ള ചില സുഹൃത്തുക്കളെ പരിചയപ്പെട്ടു. ഫെയ്സ്ബുക്കിൽ ഞാൻ സുഹൃത്താക്കിയ ഒരാളോടുള്ള എന്റെ ആദ്യ ചോദ്യം മാധവ്പൂരിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്നായിരുന്നു. എന്നാൽ, എന്റെ ഓൺലൈനിലെ സംസാരമൊന്നും അവളുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് എത്തിച്ചില്ല. 2019ൽ അവളോട് സംസാരിക്കുമ്പോഴാണ് അവൾ പഠിച്ച സ്കൂളിന്റെ പേരിനെക്കുറിച്ച് അറിയുന്നത്,'' അയാൾ പറഞ്ഞു.
ഈ പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർനെറ്റിൽ വീണ്ടും തിരയാൻ തുടങ്ങി. എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും താഴ്‌വരയിലെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചതും ഏകദേശം ആറ് മാസത്തോളം തിരച്ചിലിന് തടസമായി.
ഇന്റർനെറ്റ് സേവനങ്ങൾ തിരികെ പുനഃസ്ഥാപിച്ചതോടെയാണ് സുന്ദർബൻസിലെ അവളുടെ സ്കൂൾ കണ്ടുപിടിക്കാൻ കഴിഞ്ഞത്. ''ആ പ്രദേശത്തെ പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ ലഭിക്കുകയും ഞാൻ വിളിക്കുകയും ചെയ്തു. ഞാൻ വിവരങ്ങൾ അവർക്ക് കൈമാറുകയും അവളുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതൊരു വലിയ പ്രദേശമാണെന്നും അവളുടെ കുടുംബത്തെ കണ്ടെത്തുക പ്രയാസമാണെന്നുമാണ് ഓഫിസർ പറഞ്ഞത്. ഒരു ദിവസം, സാമൂഹ്യക്ഷേമ വകുപ്പിലെ ഒരു വനിതാ ഓഫീസർ എന്നോട് എൻസിഡബ്ല്യുയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഈ വർഷം മേയിൽ ഞാൻ കമ്മീഷനെ സമീപിച്ചപ്പോൾ അവർ വലിയ സഹായമാണ് നൽകിയത്. എച്ച്എഎം റേഡിയോ വഴി കുടുംബത്തെ കണ്ടെത്താൻ അവർ ഞങ്ങളെ സഹായിച്ചു,'' അയാൾ പറഞ്ഞു.
എൻസിഡബ്ല്യു സൗത്ത് 24 പർഗാനാസിലെ ബരുയിപൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെയുള്ള ഉദ്യോഗസ്ഥർ പശ്ചിമ ബംഗാൾ റേഡിയോ ക്ലബ്ബിന്റെ പ്രാദേശിക എച്ച്എഎം റേഡിയോയുമായി ബന്ധപ്പെട്ടു, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൂടുതലും പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനാണിത്.
''ബറൂയ്പൂർ വനിതാ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു… ഞങ്ങൾ അവളോട് നേരിട്ട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, കശ്മീരിൽ ഒരു ദ്വിഭാഷിയെ ഏർപ്പാടാക്കേണ്ടി വന്നു, അവൾ ഇപ്പോൾ ഉറുദുവാണ് സംസാരിക്കുന്നത്. ആദ്യം അപരിചിതരോട് സംസാരിക്കാൻ അവൾ തയ്യാറായില്ല, അതിനാൽ ഞങ്ങൾക്ക് അവളുടെ വീട്ടിലേക്ക് എച്ച്എഎം റേഡിയോ ഓപ്പറേറ്റർമാരെ അയയ്‌ക്കേണ്ടി വന്നു. ഞങ്ങളുടെ ആശയവിനിമയത്തിൽ അവളുടെ ഭാര്യാസഹോദരൻ ഒരു ദ്വിഭാഷിയായി പ്രവർത്തിച്ചു. ഞാൻ അവളോട് നേരിട്ട് ഫോണിൽ സംസാരിച്ചു, ബറൂയ്പൂർ സബ് ഡിവിഷനിലെ ഒരു പ്രത്യേക ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഐസ്ക്രീം കടയുടമയുടെയും ഒരു സ്കൂളിന്റെയും പേര് അവൾ വെളിപ്പെടുത്തി,'' പശ്ചിമ ബംഗാൾ റേഡിയോ ക്ലബ് എച്ച്എഎം റേഡിയോ സെക്രട്ടറി അംബരീഷ് നാഗ് ബിശ്വാസ് പറഞ്ഞു.
ബംഗാളി മുതൽ ഭക്ഷണശീലങ്ങൾ വരെ അവൾ എല്ലാം മറന്നു, എന്നാൽ അമ്മയെ മാത്രം അവൾക്ക് ഓർമയുണ്ടായിരുന്നുവെന്ന് ബറൂയ്പൂരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
''അവളുടെ കുടുംബത്തെ കണ്ടുപിടിക്കുകയും വീഡിയോ കോളിലൂടെ അവളോട് സംസാരിക്കാനായി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്ന്, അവളെ കാണാനായി കുടുംബം കശ്മീരിലാണ്. വർഷങ്ങൾക്ക് ശേഷം ഒരു പെൺകുട്ടി തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുകയും എച്ച്എഎം റേഡിയോയിലൂടെ ഈ കൂടിച്ചേരൽ സാധ്യമാകുകയും ചെയ്തതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇത് മനുഷ്യത്വത്തിന്റെ വിജയമാണ്,'' ബിസ്‌വാസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us